തെക്കൻ തായ്‌ലൻ‍ഡിലെ ക്രാബി പ്രവിശ്യയിൽ നിന്ന് പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ. 13 അടിയോളം നീളലും 15 കിലോയോളം ഭാരവുമുള്ള രാജവെമ്പാലയെ പിടികൂടിയത് ജനവാസകേന്ദ്രത്തിനു സമീപമുള്ള  ഓവുചാലിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പിനെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ പിടികൂടിയത്.

ഹൗസിങ് കോളനിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആദ്യം പാമ്പിനെ കണ്ടത്. ഇയാൾ ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു.ഏഴോളം രക്ഷാപ്രവർത്തകർ ചേർന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. അഴുക്കു ചാലിലെ വെള്ളത്തിലേക്ക് രക്ഷപെടാൻ ശ്രമിച്ച രാജവെമ്പാലയെ വാലിൽ പിടിച്ചു വലിച്ചാണ് ഇവർ പിടികൂടിയത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടിയത്. ഇവർ പിടികൂടിയ മൂന്നാമത്തെ വലിയ പാമ്പാണ് ഈ രാജവെമ്പാലയെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. തായ്‌ലൻഡിൽ പാമ്പുകളുടെ ശല്യം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. നിരവധി  മൂർഖൻ പാമ്പുകളും താവളമാണ് ഇവിടം.