ബെംഗളൂരു ശിവമൊഗ്ഗയിൽ പശു വിഴുങ്ങിയ 20 പവന്റെ സ്വർണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശിവമൊഗ്ഗ സാഗർ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഉടമ രവീന്ദ്ര ഭട്ടിന്റെ മാലയാണ് പശു വിഴുങ്ങിയത്. ഉണങ്ങിയ പൂമാലയുടെ കൂടെ അകപ്പെട്ട സ്വർണമാല പശു അകത്താക്കുകയായിരുന്നു. 

വിജയദശമി ദിനത്തിൽ പൂജയുടെ ഭാഗമായി വിഗ്രഹങ്ങളിൽ ചാർത്തിയ പൂമാലയ്ക്കൊപ്പം 20 പവന്റെ സ്വർണമാലയുമുണ്ടായിരുന്നു. പിറ്റേന്ന് വിഗ്രഹത്തിൽ അണിയിച്ചിരുന്ന പൂമാല എടുത്തപ്പോൾ അതിനൊപ്പം സ്വർണമാലയും ഉണ്ടായിരുന്നു.എന്നാൽ ഇതു ശ്രദ്ധിക്കാതെ ഭട്ടിന്റെ കുടുംബം പൂമാല ഇവരുടെ ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് നൽകുകയായിരുന്നു.  എന്നാൽ പൂമാലയ്ക്കൊപ്പം സ്വർണമാലയും ഉണ്ടായിരുന്നുവെന്ന് ഇവർ മനസ്സിലാക്കിയപ്പോഴേക്കും പശു പൂമാല ഭക്ഷിച്ചു കഴിഞ്ഞിരുന്നു. 

ഉടൻ തന്നെ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ സഹായം തേടി. കുറച്ചു ദിവസം പശുവിനെ നിരീക്ഷിക്കാൻ  ഡോക്ടർ നിർദേശിച്ചു. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കിയ ശേഷമാണ് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാൻ തീരുമാനിച്ചത്. പശുവിനെപിന്നീട് രവീന്ദ്രഭട്ട് മൃഗശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോ.ദയാനന്ദിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ മാല കാര്യമായ കേടുപാടുകൾ കൂടാതെ ആമാശയത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.