വർക്കല കാറാത്തല ചാണിക്കൽ കോളനിയിൽ ഭീമൻ ആമയെ കണ്ടെത്തി. ഉച്ചയോടെയാണ് അകത്തുമുറി കായലിൽ നിന്നുള്ള തോട്ടിൽ ഒരു മീറ്ററോളം നീളവും 30 കിലോ തൂക്കവും വരുന്ന ആമയെ കണ്ടെത്തിയത്. ‘അതിഥി’യെ കൗതുകത്തോടെ സ്വീകരിച്ച നാട്ടുകാരുടെ പിടിയിൽ അമരാതെ ഇഴഞ്ഞു നീങ്ങാനായിരുന്നു ആമയുടെ ശ്രമം.

ആമയെ കണ്ടെത്തിയെന്ന വാർത്ത പരക്കുന്നതിനിടയിൽ ചിലർ പാലോട് വനം വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഉപദേശം അനുസരിച്ചു പിന്നീട് ആമയെ പ്രത്യേക സ്ഥലത്താക്കി  നാട്ടുകാരിൽ ചിലർ കാവലിരുന്നു. രാത്രിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അകത്തുമുറി കായലിൽ തന്നെ ആമയെ ഒഴുക്കി വിട്ടു.