നാട്ടിലാകെ ഭീതി വിതച്ച കാട്ടുകൊമ്പന് വനംവകുപ്പ് ഒരുക്കിയത് ആകാശയാത്ര. പിന്നാലെ നാട്ടാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി നാടുകടത്തല്‍. കേരള അതിര്‍ത്തി കഴിഞ്ഞ് ബന്ദിപ്പൂര്‍ വനത്തിലെ ഗുണ്ടല്‍പേട്ടിനടുത്താണ് സംഭവം. വ്യാഴാഴ്ചയാണ് ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പ്രദേശം അസാധാരണമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

കൃഷിയിടങ്ങളില്‍ ഭീതി വിതച്ച ഈ കാട്ടുകൊമ്പന്‍ ഹൊസൂറില്‍ കൊന്നത് അഞ്ചു പേരേയാണ്. സ്ഥിരം തലവേദന സൃഷ്ടിക്കുന്ന ആനയെ കഴിഞ്ഞ ഒാഗ്സ്റ്റ് 26ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റേഡിയോ കോളറിൽ നിന്ന് സിഗ്നല്‍ ലഭിച്ചിരുന്നില്ല. പിന്നാലെ ബന്ദിപ്പൂര്‍ വനമേഖലയിലാണ് കാട്ടുകൊമ്പന്‍ പ്രത്യക്ഷപ്പെട്ടത്. ബന്ദിപ്പൂരിനടുത്ത ശിവപുരത്തെ കൃഷിയിടത്തില്‍ തങ്ങിയ കാട്ടുകൊമ്പനെ പേടിച്ച് നാട്ടുകാരാരും  പുറത്തിറങ്ങാതെയായി. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളുടെ സഹായം തേടിയത്.

അഞ്ചു കുങ്കിയാനകള്‍ ചേര്‍ന്ന് ചുറ്റും വളഞ്ഞ് നിന്ന് കാട്ടുകൊമ്പനെ ബന്ധിയാക്കി. തുടര്‍ന്ന് മയക്കുവെടി വച്ചു പിടികൂടുകയായിരുന്നു. വലിയ വടത്തില്‍  ബന്ധിച്ച് ക്രെയിനിന്റെ സഹായത്തോടെ ഇരുപതടിയോളം ഉയര്‍ത്തിയായിരുന്നു കൊമ്പന്റെ ആകാശയാത്ര. പിന്നാലെ ലോറിയില്‍ കയറ്റി കുടകിലെ ആന പരിശീലന കേന്ദ്രത്തിലേക്കയച്ചു. ഭീകരനായ കാട്ടാനയെ ബന്ധിയാക്കുന്നതും ആകാശയാത്രയും കാണാന്‍ നൂറു കണക്കിന് നാട്ടുകാർ തടിച്ചുകൂടിയിരുന്നു.