കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സ്വന്തം ആവാസമേഖലയായ ആര്‍ട്ടിക്കില്‍ നിന്ന്  ഏതാണ്ട് 1500  കിലോമീറ്ററുകള്‍ അകലെ റഷ്യന്‍ നഗരപ്രാന്തങ്ങളില്‍ ഒരു ഹിമക്കരടിയെത്തിയത്. പട്ടിണി കോലമായി എല്ലുന്തി നിന്ന ഈ കരടി ഭക്ഷണത്തിന് വേണ്ടി മാലിന്യക്കൂമ്പാരങ്ങള്‍ ഉള്‍പ്പടെയുള്ളവ അരിച്ചു പെറുക്കുന്നുണ്ടായിരുന്നു. പുറകെയെത്തിയ മനുഷ്യരെ പോലും ഓടിക്കാനുള്ള കെല്‍പോ ആരോഗ്യമോ ഇല്ലാതിരുന്ന ഈ കരടി വൈകാതെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി. ആര്‍ട്ടിക്കിലെ മാറുന്ന കാലാവസ്ഥ അവിടുത്തെ ജീവിവര്‍ഗങ്ങളെ എങ്ങനെ മരണത്തിലേക്കു തള്ളിവിടുന്നു എന്നതിന്‍റെ നേര്‍ ചിത്രമായി ഈ ഹിമക്കരടി മാറി.

തൈമിര്‍ ഉപഭൂഖണ്ഡ മേഖലയിലൂടെയാണ് ആര്‍ട്ടിക്കില്‍ നിന്ന് റഷ്യയിലെ വടക്കന്‍ നഗരമായ നോറിസ്കിലേയ്ക്ക് ഈ കരടി എത്തിയതെന്നാണ് അധികൃതര്‍ കണക്കാക്കിയത്. 2 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ധ്രുവകരടിയെ പിടികൂടാനും അധികൃതര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. അതീവ ക്ഷീണിതയായതിനാല്‍ മയക്കു വെടിയേറ്റാല്‍ ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥയിലായിരുന്നു കരടി. ഇത് കാര്യങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാക്കി. എന്നാല്‍ തിരികെ സ്വന്തം ആവാസമേഖലയിലേക്കോ കാട്ടിലേക്കോ പോകാനോ, പോയാലും അതിജീവിക്കാനോ ഉള്ള ആരോഗ്യവും കരടിയില്‍ ശോഷിച്ചിരുന്നില്ല.

ഒടുവില്‍ ഭക്ഷണം കാട്ടി കൂടിനുള്ളില്‍ കയറ്റിയ ധ്രുവക്കരടിയെ സൈബീരിയയിലെ തന്നെ ക്രാസ്നോയാര്‍ക് മൃഗശാലയിലേക്ക് എത്തിയിക്കുകയായിരുന്നു. മാര്‍ഫ എന്ന് പേര് നല്‍കിയ ഈ കരടിയുടെ ആരോഗ്യം ആറ് മാസത്തോളമായുള്ള മൃഗശാല വാസത്തിനു ശേഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ആരോഗ്യവതിയായ മാര്‍ഫയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ഏതാണ്ട് 150 കിലോ ഭാരമുണ്ട് ഈ ധ്രുവക്കരടിക്ക്. മൃഗശാലയിലെ ഡോക്ടര്‍മാരുടെ മാസങ്ങളോളം നീണ്ട പ്രയത്നത്തിന്‍റെ ഫലമാണ് കരടിയുടെ ഇപ്പോഴത്തെ ആരോഗ്യമെന്ന് അവിടുത്തെ വക്താവ് റോയേവ് റൂഷേ പറയുന്നു.

ഇപ്പോള്‍ ഈ ധ്രുവക്കരടിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും, അപകടനില മറികടന്നതായും റോയേവ് വിശദീകരിച്ചു. അതേസമയം കരടിയെ മൃഗശാലയില്‍ തന്നെ സൂക്ഷിക്കണോ തിരികെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക്  മടക്കി അയയ്ക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ അടങ്ങിയ ഒരു തുറന്ന കൂട്ടിലാണ് മാര്‍ഫയുടെ വാസം. കരടിയുടെ തൂക്കം 40-50 കിലോ കൂടി കൂടിയ ശേഷം തിരികെ വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. 

English Summary: The Starving Polar Found In Siberian Town