തെൻമല റോസ് മല എസ്റ്റേറ്റിൽ നിന്ന് ലഭിച്ച പിടിയാന കുട്ടിയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഇന്നലെ എത്തിച്ചു.1 വയസ് പ്രായമെന്ന് വന പാലകർ പറഞ്ഞു. തെൻമല അച്ചൻകോവിൽ അമ്പാട് നിന്ന് മഴവെള്ള പാച്ചിലിൽ ഒഴുകിയെത്തിയതാണ് ആന കുട്ടി. കാട്ടിലേക്ക് തിരികെ വിടാനുള്ള ശ്രമങ്ങൾ പരാജയപെട്ടതോടെ കോട്ടൂരിലെക്ക് കൊണ്ടുവരികയായിരുന്നു. ശ്രീകുട്ടിയെന്ന പേര് നൽകി കോട്ടൂരിലെ കുട്ടികൂട്ടത്തോടൊപ്പം ചേർത്തതോടെ കേന്ദ്രത്തിലെ കുട്ടിയാനകളുടെ എണ്ണം 6 ആയി. മുറിക്കുള്ളിൽ അടച്ച് പരിപാലിക്കാതെ കാറ്റും വെളിച്ചവുമൊക്കെ ഏൽക്കുന്ന തരത്തിൽ സ്വതന്ത്രമായാണ് ശ്രീകുട്ടിയെ പാർപ്പിക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് പിടിയാനക്കുട്ടി തോട്ടിലൂടെ ഒഴുകിയെത്തിയത്. തെന്മല ആര്യങ്കാവ് അമ്പാട് എസ്റ്റേറ്റിലെ അരണ്ടൽ ഭാഗത്തു കൂട്ടംതെറ്റി തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ തിരികെ വിടാനുള്ള നീക്കം ഉപേക്ഷിച്ച് ആനക്കുട്ടിയെ വനംവകുപ്പ് അധികൃതർ ശെന്തുരുണിയിലേക്കു മാറ്റി. പിന്നീട്  ഉന്നത വനപാലകരുടെയും വെറ്റിനറി സർജന്റെയും നിർദേശപ്രകാരം തുടർന്നു  തിരുവനന്തപുരത്തുള്ള കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

കുട്ടിയാനകളെ നോക്കുന്നതിൽ പരിശീലനം നേടിയ, കോട്ടൂരിലെ കേന്ദ്രത്തിൽനിന്നെത്തിയ രവിയുടെ പരിചരണത്തിലായിരുന്നു ആനക്കുട്ടി. വനത്തിനുള്ളിൽ പ്രത്യേകം കൂട് നിർമിച്ച്‌ അതിലാണു ആദ്യം പാർപ്പിച്ചിരുന്നത്.  പാലും കരിക്കിൻവെള്ളവുമാണു നൽകിയത്. ഒഴുകിയെത്തിയപ്പോൾ ഉണ്ടായ മുറിവുകൾ ഉണക്കുന്നതിനായി പ്രത്യേക മരുന്നുകളും നൽകിയിരുന്നു.

English Summary: Elephant calf, separated from herd, shifted to kottoor