1960കളില്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ പോളണ്ടില്‍ പലയിടത്തും രഹസ്യ ബങ്കറുകള്‍ തയാറാക്കിയിരുന്നു. സാറ്റ്‌ലെറ്റുകളുടെ ചാരക്കണ്ണുകള്‍ക്കു പോലും പിടികൊടുക്കാത്ത വിധമായിരുന്നു ഇവയുടെ നിര്‍മാണം. എന്തിനാണ് ഇവ നിര്‍മിച്ചതെന്ന കാര്യവും അന്നത്തെ കാലത്തു രഹസ്യമായി സൂക്ഷിച്ചു. കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ സൂക്ഷിക്കാനെന്നായിരുന്നു ആദ്യകാലത്തു കരുതിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനകളില്‍ ബങ്കറുകളുടെ രഹസ്യം പുറത്തെത്തി. ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബങ്കറുകളിൽ ഭൂരിപക്ഷവും നിര്‍മിച്ചിരുന്നത്. 

1992 ആയപ്പോഴേക്കും ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടു. പക്ഷേ പടിഞ്ഞാറന്‍ പോളണ്ടില്‍ ഇന്നുമുണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ ബങ്കറുകള്‍. പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പ്രദേശവുമാണ് ഇന്നിവിടം. വവ്വാലുകളും മറ്റ് രാത്രിഞ്ചരന്മാരും അഭയം തേടുന്നത് ഈ ബങ്കറുകളിലാണ്. അത്തരത്തില്‍ ബങ്കറുകളിലെ വവ്വാല്‍ ജീവിതം പഠിക്കാനായിട്ടായിരുന്നു വാഴ്‌സോയിലെ പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷക സംഘം ബങ്കറുകളിലൊന്നിലെത്തിയത്. പോളണ്ട്-ജര്‍മന്‍ അതിര്‍ത്തിയിലുള്ള ഒരു ഭൂഗര്‍ഭ അറയായിരുന്നു ലക്ഷ്യം. അതിലേക്ക് ആകെയുള്ളത് ഒരു ചെറിയ വെന്റിലേഷന്‍ ദ്വാരവും. പക്ഷേ അകത്തേക്കു ടോര്‍ച്ചടിച്ചുനോക്കിയ ഗവേഷകര്‍ ഒറ്റ നോട്ടത്തി ഞെട്ടിപ്പോയി.ബങ്കറില്‍ വവ്വാലില്ല. പകരം അതിന്റെ ഇരുട്ടില്‍ ലക്ഷക്കണക്കിനു വരുന്ന ഉറുമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. 

കൊടുംതണുപ്പാണ് ബങ്കറില്‍. ഒരിറ്റു വെളിച്ചം പോലുമെത്തുന്നില്ല. ഭക്ഷണത്തിനുള്ള യാതൊരു സാഹചര്യവുമില്ല. എന്നിട്ടും ഇത്രയും കാലം ഇവ എങ്ങനെ അതിനകത്തു കഴിഞ്ഞു എന്നായിരുന്നു ഗവേഷകര്‍ക്ക് അറിയേണ്ടിയിരുന്നത്. 2013ലായിരുന്നു വുഡ് ആന്റുകളുടെ ഈ കോളനി കണ്ടെത്തിയത്. ബങ്കറിന്റെ വെന്റിലേഷന്‍ ദ്വാരത്തിനു സമീപം തന്നെ ഈയിനം ഉറുമ്പുകളുടെ യഥാര്‍ഥ കോളനിയുമുണ്ടായിരുന്നു. അതിനകത്തു നിന്ന് ഇടയ്ക്കു പുറത്തേക്കു വന്നിരുന്ന ‘വര്‍ക്കര്‍മാരായ’ ഉറുമ്പുകള്‍ ദ്വാരത്തിലൂടെ താഴേക്കു വീഴുകയായിരുന്നു. റാണി ഉറുമ്പ് ഇല്ലാത്തതിനാല്‍ ഇവയ്‌ക്കൊന്നും പ്രത്യുല്‍പാദനത്തിനും കഴിഞ്ഞിരുന്നില്ല. 

രക്ഷപ്പെടാന്‍ ആകെയുള്ള വഴി വെന്റിലേഷന്‍ ദ്വാരമായിരുന്നു. ഭിത്തിയിലേക്കു കയറാനാകുമെങ്കിലും തലകീഴായി ചുമരിന്റെ മേല്‍ഭാഗത്തുകൂടെ സഞ്ചരിക്കാന്‍ വുഡ് ആന്റ്‌സിനു കഴിവില്ലാത്തതിനാൽ എല്ലാം ബങ്കറില്‍ പെട്ടുപോയി. ഇടയ്ക്കിടെ ഉറുമ്പുകള്‍ കുഴിയിലേക്കു വന്നുവീണ് വമ്പനൊരു കോളനിയായും അതു മാറി. 2016 വരെ ഗവേഷകര്‍ ഈ ഉറുമ്പുകളെ നിരീക്ഷിച്ചു. ഇരുട്ടിലും തണുപ്പിലും ഇവ എങ്ങനെ ജീവന്‍ നിലനിര്‍ത്തിയെന്ന് ഏറെ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. കൂട്ടത്തില്‍ ചത്തുവീഴുന്ന ഉറുമ്പുകളെ തിന്നായിരുന്നു മറ്റ് ഉറുമ്പുകള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതുവഴി അവയ്ക്കു ജീവിക്കാനാവശ്യമായ പ്രോട്ടിന്‍ ലഭിക്കുകയും ചെയ്തു. ചില പ്രത്യേക കാലാവസ്ഥകളില്‍ പ്രോട്ടിനുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതാകുമ്പോള്‍ വുഡ് ആന്റ്‌സ് ഇത്തരത്തില്‍ ശവംതീനികളാകാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

ഏതു സാഹചര്യത്തിലും ജീവന്‍നിലനിര്‍ത്തി, പിടിച്ചു നില്‍ക്കാനുള്ള ഉറുമ്പുകളുടെ അസാധാരണ കഴിവിന്റെ ഉദാഹരണങ്ങളിലൊന്നായി പോളണ്ടിലെ സംഭവം ഗവേഷകര്‍ ചേര്‍ത്തു കഴിഞ്ഞു. 2016ല്‍ ബങ്കറിലെ ഏകദേശം 100 ഉറുമ്പുകളെ പുറത്തെത്തിച്ചു. ഇവ മാതൃകോളനിയിലെ ഉറുമ്പുകളുമായി ചേരുമ്പോള്‍ അക്രമസ്വഭാവം കാണിക്കുന്നുണ്ടോയെന്നറിയുന്നതിനു വേണ്ടിയായിരുന്നു അത്. എന്നാല്‍ യാതൊരു കുഴപ്പവുമുണ്ടായില്ലെന്നു മാത്രമല്ല, അവ കൂട്ടത്തിലൊരാളായും പെട്ടെന്നു മാറി. അതിനിടെ 2016 സെപ്റ്റംബറില്‍ ഗവേഷകർ വെന്റിലേഷന്‍ ദ്വാരം വഴി, മൂന്നു മീറ്റര്‍ നീളമുള്ള ഒരു മരത്തടി വച്ചുകൊടുത്തു. ആദ്യം ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉറുമ്പുകള്‍ അതില്‍ കയറി പരിശോധിച്ചു. പിന്നീട് കൂട്ടമായി അതുവഴി പുറത്തെത്തി. 2017 ഡിസംബര്‍ ആയപ്പോഴേക്കും ലക്ഷക്കണക്കിനു വരുന്ന ഉറുമ്പുകളും പുറത്തെത്തി ബങ്കര്‍ കാലിയായി. Formixa polyctena എന്നു ശാസ്ത്രീയ നാമമുള്ള ഈ ഉറുമ്പുകളെപ്പറ്റിയുള്ള പഠനം ഹൈമെനോപ്ട്ര റിസര്‍ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Ants Trapped For Years in a Soviet Nuclear Bunker Survived in The Most Horrifying Way