കഴിഞ്ഞ ദിവസം മെഡിക്കൽ ഷോപ്പിൽ മരുന്നിനായെത്തിയ രോഗിയെ കണ്ട് ഉടമ അമ്പരന്നു. ശരീരത്തിലാകെമാനം  മുറിവുകളേറ്റ കുരങ്ങനായിരുന്നു ആ രോഗി. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലുള്ള മല്ലാപൂരിലാണ് സംഭവം നടന്നത്. സമീപത്തുള്ള ഒട്ടോറിക്ഷയുടെ പുറത്തു നിന്നും ചാടിയാണ് മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിൽ കുരങ്ങൻ ഇരിപ്പുറപ്പിച്ചത്.

കുരങ്ങുകൾ തമ്മിൽ വഴക്കു പിടിച്ചതോ മറ്റോ ആകാം ശരീരത്തിൽ ഏറെ മുറിവുകളുണ്ടായിരുന്നു. വേദനകൊണ്ടു പുളയുന്ന കുരങ്ങെത്തിയത് മരുന്നിനാണെന്നു മനസ്സിലാക്കിയ ഉടമ ആഞ്ജും അജിം ഉടൻ തന്നെ കുരങ്ങന് മരുന്ന് നൽകി. വേദന ശമിക്കാനായി ഒരു വേദനാസംഹാരിയും നൽകി. ഇദ്ദേഹം നൽകി ഗുളികയും വെള്ളവും യാതൊരു എതിർപ്പും കാട്ടാതെ കുരങ്ങൻ വാങ്ങി കുടിച്ചു. കടയിലെ ജീവനക്കാരനോട് കുരങ്ങന്റെ മുറിവുകളിൽ ഓയിൽമെന്റ് പുരട്ടാനും നിർദേശിച്ചു.

മരുന്നു പുരട്ടിയ ശേഷം മെഡിക്കൽ ഷോപ്പിനു മുന്നിലുള്ള മേശയിൽ ഇരുന്ന് ഒരു മണിക്കൂറോളം വിശ്രമിച്ചശേഷമാണ് കുരങ്ങൻ അവിടെ നിന്നും മടങ്ങിയത്. സംഭവം നടക്കുമ്പോൾ അവിടെ മരുന്നു വാങ്ങാനെത്തിയ മൊനിറുൾ ഇസ്ലാം എന്നയാളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Injured monkey comes into medicine store in east India for first aid from sympathetic shopkeeper