ട്രയിനടിയിൽ പതുങ്ങിയിരുന്ന കൂറ്റൻ രാജവെമ്പാലയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ് ഈ നടുക്കുന്ന ദൃശ്യങ്ങൾ. ട്രെയ്നിനടിയിൽ പതുങ്ങിയിരിക്കുന്ന നിലയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കാത്ഗോഡം റെയിൽ‌വേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോഴാണ് ഇതിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടിയത്.

ഉത്തരാഖണ്ഡ് വനം വകുപ്പും റെയിൽവേ വിഭാഗവും ചേർന്നാണ് ട്രെയിനിന്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയത്. ട്രെയിനിലെ യാത്രക്കാർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കാതെയായിരുന്നു പാമ്പ് പിടുത്തം. ഏകദേശം 10 അടിയോളം നീളമുള്ള രാജവെമ്പാലയാണ് പിടിയിലായത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിൽ തുറന്നുവിട്ടു.

 ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. പിഎം ധകാടെയാണ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: 10-foot King Cobra rescued from train in Uttarakhand