മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഘലയാണ് പശ്ചിമ ബംഗാൾ. വന്യമൃഗസംരക്ഷണം ഊർജിതപ്പെടുത്തിയ കാലഘട്ടത്തില്‍ തന്നെ നഗരവൽക്കരണവും പലമടങ്ങ് വർധിച്ചതാണ് വാസസ്ഥലത്തിനു വേണ്ടി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകാന്‍ കാരണം.  മനുഷ്യർ കാട് കയ്യേറിയപ്പോൾ ഭക്ഷണത്തിനായും മറ്റുമായി മൃഗങ്ങൾ കാടിറങ്ങി. ഇങ്ങനെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒരു കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്

കാട്ടാനയ്ക്കെന്താ പട്ടാള കാന്റീനിൽ കാര്യം? കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും വളരെ ലാഘവത്തോടെയാണ് ഒരു കാട്ടാന പശ്ചിമബംഗാളിലെ ചെറിയ പട്ടണമായ  ഹസിമാരയിലെ പട്ടാള കാന്റീനിലേക്കെത്തിയത്. കാന്റീനിലേക്കെത്തുക മാത്രമല്ല അവിടെ കിടന്ന മേശയും കസേരയുമൊക്കെ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

ഭാഗ്യത്തിന് ജീവനക്കാരല്ലാതെ മറ്റാരും ആ സമയത്ത് കാന്റീനിലുണ്ടായിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കാന്റീനിലുണ്ടായിരുന്ന ജീവനക്കാർ ആനയെ തുരത്തിയത്. തീപ്പന്തം കാട്ടി ഭയപ്പെടുത്തിയാണ് ആനയെ കാന്റീനിൽ നിന്നും പുറത്തിറക്കിയത്. കാന്റീനിലേക്ക് കൂളായി കയറിവരുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ശക്തമായ നടപടികളിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയുമാണ് ശുഷ്കിച്ചു തുടങ്ങിയിരുന്ന ഇന്ത്യന്‍ വന്യജീവികളുടെ എണ്ണം ഇവിടെ വർധിപ്പിക്കാനായത്. എന്നാല്‍ വന്യജീവികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വലിയൊരു പിഴവു കൂടി സംഭവിച്ചു. അവയ്ക്കാവശ്യമായ വാസസ്ഥലം ഉറപ്പാക്കാനാകാതെ പോയി. ഇതാണ് ഇന്ന് വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലേക്ക് നയിച്ച പ്രധാന ഘടകം.ഇതുമൂലം മൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാകുന്ന സംഘട്ടനത്തിൽ ദിവസവും ഒരാൾ വീതം മരണപ്പെടുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

English Summary: Elephant Casually Strolls into Bengal Army Canteen