വളർത്തു പൂച്ചകൾ വീട്ടുകാരുടെ മടിയിലും കിടക്കുമ്പോൾ അവരുടെ കൂടെയുമൊക്കെ കിടന്നുറങ്ങാറുണ്ട്. എന്നാൽ യുക്ര‌യിനിലുണ്ടായ സംഭവം ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെയൊരു വളർത്തു പൂച്ച കയറിയിരുന്നത് ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്താണ്.

9 മാസം പ്രായമുള്ള കുഞ്ഞാണ് പൂച്ച മുഖത്തിരുന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ചത്. അലക്സാണ്ട്ര എന്ന പെൺകുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കുഞ്ഞിനെ ഉറക്കിയ ശേഷം അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് പൂച്ച കുഞ്ഞിന്റെ മുഖത്തേക്ക് കയറിക്കിടന്നത്.

വീടിനു പുറത്ത് ബേബി പ്രാമിലാണ് കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്നത്. രണ്ട് വളർത്തുപൂച്ചകളായിരുന്നു ഇവരുടെ വീട്ടിലുണ്ടായിരുന്നത്. അതിലൊരു പൂച്ച കുഞ്ഞ് കിടക്കുന്ന പ്രാമിലേക്കു കയറിക്കിടക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് കയറിയിരുന്ന് പൂച്ചയും ഉറങ്ങിപ്പോയി. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ നോക്കാനെത്തിയ അമ്മ കണ്ടത് പൂച്ചയുടെ ശരീരത്തിനു താഴെ അമർന്നിരിക്കുന്ന കുഞ്ഞിന്റെ മുഖമാണ്.

കുട്ടിയെ ഉണർത്താൻ അമ്മ ശ്രമിച്ചെങ്കിലും ഉണർന്നില്ല. കുട്ടി ശ്വാസമെടുക്കുന്നില്ലെന്നു മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ പാരാമെഡിക്കൽ ടീമിനെ വിളിച്ച് വിവരമറിയിച്ചു. അവരെത്തി 40 മിനിറ്റുകളോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അവരെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു. എങ്ങനെയാണ് പൂച്ച മൂടിയിട്ടിരുന്ന പ്രാമിനുള്ളിൽ കയറിയെന്നത് അവ്യക്തമാണ്.

English Summary: Baby Girl Killed by Pet Cat Who Fell Asleep on Her Face