കെട്ടുകണക്കിന് കയറുകൾ, പ്ലാസ്റ്റിക് കപ്പുകൾ, ബാഗുകൾ, കയ്യുറകൾ ഇങ്ങനെ നൂറ് കിലോയോളം മാലിന്യങ്ങൾ കെട്ടിക്കിടന്നത് മറ്റെങ്ങുമല്ല. ചത്തു തീരത്തടിഞ്ഞ ഒരു കൂറ്റൻ തിമിംഗലത്തിന്റെ വയറിനുള്ളിൽ നിന്ന് പുറത്തെടുത്തതാണ് ഈ മാലിന്യങ്ങൾ എന്നറിയുമ്പോഴാണ് എല്ലാവരും ഞെട്ടുന്നത്. സ്കോട്‌ലൻഡിലെ ഒരു ബീച്ചിലാണ് 20 ടണ്ണോളം ഭാരമുള്ള സ്പേം വേയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലം ചത്തു തീരത്തടിഞ്ഞത്.

സമുദ്രത്തിൽ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനീകരണം അതിരൂക്ഷമായതിന്റെ തെളിവാണ് ഈ തിമിംഗലത്തിന്റെ മൃതശരീരം. സമുദ്രത്തിലും പ്ലാസ്റ്റിക് പിടിമുറിക്കിയതിന്റെ പരിണിത ഫലം. മത്സ്യബന്ധന വലകളുടെ അവശിഷ്ടവും തിമിംഗലത്തിന്റെ വയറിനുള്ളിൽ നിന്നു ലഭിച്ചിരുന്നു. തിമിംഗലങ്ങളുടെയും ‍ഡോൾഫിനുകളുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്കോട്ടിഷ് മറൈൻ ആനിമൽ സ്ട്രാൻഡിങ് സ്കീം എന്ന സംഘടനയാണ് ഈ തിമിംഗലത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

നൂറ് കിലോയോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തിമിംഗലത്തിന്റ വയറിനുള്ളിൽ പന്തുപോലെ കെട്ടിക്കിടക്കുവായിരുന്നെന്ന് ഇവർ വ്യക്തമാക്കി. വയറിനുള്ളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ദഹനപ്രക്രിയ തടസ്സപ്പെട്ടതാണ് തിമിംഗലത്തിന്റെ മരണകാരണമെന്നും ഇവർ വ്യക്തമാക്കി. ലോകം മുഴുവനും നേരിടുന്ന സമുദ്രമലിനീകരത്തിനു പിന്നിൽ മനുഷ്യരുടെ ചെയ്തികളാണ്. തിമിംഗലത്തിന്റെ ചിത്രങ്ങൾ വ്യാപകമായി ജനശ്രദ്ധ നേടിക്കഴിഞ്ഞു. തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ശരീരം ബീച്ചിൽ തന്നെ സംസ്ക്കരിച്ചു.

English Summary:  Whale Found Dead With 100 Kg 'Ball Of Rubbish' In Stomach