ലെവല്‍ ക്രോസിങ് ഗേറ്റ് തുമ്പിക്കൈ ഉപയോഗിച്ച് ഉയർത്തിയ ശേഷം പാളം മുറിച്ച് കടന്നു പോകുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആനയുടെ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കയോടെയാണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത്. ബുദ്ധിയുള്ള മൃഗമാണ് ആനയെങ്കിലും ട്രെയിൻ കടന്നു പോകുന്നതിനു തൊട്ടു മുൻപായി അടച്ചിടുന്ന ലെവൽ ക്രോസിലെ ഗേറ്റ് തുറന്ന് പാളം മുറിച്ചു കടന്നത് അപകടം വരുത്തിയേനെയെന്നാണ് ആളുകളുടെ ആശങ്ക.

ഒരു മിനിട്ടും 7 സെക്കൻഡും ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ ആന ലെവൽ ക്രോസിനെ ലക്ഷ്യമാക്കി നടന്നു വരുന്നതു കാണാം. ഗേറ്റിനു മുന്നിലെത്തിയ ആന തുമ്പിക്കൈ ഉപയോഗിച്ച് ഗേറ്റ് ഉയർത്തിയ ശേഷം അതിനടിയിലൂടെ റെയിൽ പാളത്തിലേക്ക് കടന്നു. ഒരു നിമിഷം പിന്തിരിഞ്ഞു നിന്ന് ഗേറ്റ് പൂർവസ്ഥിതിയിലാണോയെന്ന് നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് പാളം മുറിച്ച് മറുവശത്തേക്കു കടന്ന ആന അവിടെയുള്ള ഗേറ്റ് ഉയർത്താനൊന്നും ശ്രമിക്കാതെ മറികടന്ന് പോകുകയായിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആന പാളം മുറിച്ചു കടന്ന സമയത്ത് ട്രെയിൻ കടന്നു പോകാത്തതിന്റെ ആശ്വാസത്തിലാണ് ആളുകൾ. തലമുറകൾ കഴിഞ്ഞാലും ആനത്താരകൾ ആനകൾ മറക്കാറില്ല. അതിനുദാഹരണമാണ് ഈ സംഭവവും. ആനത്താരകൾ കയ്യേറി റെയിൽ പാളങ്ങളും കെട്ടിടങ്ങളുമൊക്കെ പടുത്തുയർത്തിയെങ്കിലും തങ്ങളുടെ പരമ്പരാഗത പാത കൈവിടാൻ ആനകൾ തയാറല്ല. ഇതിന്റെ പരിണിത ഫലങ്ങളാണ് മനുഷ്യരും മൃഗങ്ങളും തമ്മില്‍ നടക്കുന്ന സംഘടനങ്ങളിലേറെയും. ആനകളല്ല മറിച്ച് നമ്മൾ മനുഷ്യരാണ് അവരുടെ വാസസ്ഥലം കൈയേറിയതെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്.

English Summary: Elephant Lifting Railway Crossing Gate and Walking Across Track Raises Safety Concerns