ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേയ്നിലാണ് പെരുമ്പാമ്പ് ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങൾക്കിടയിൽ പതുങ്ങിയത്.ലെനെ ഷാപ്മാനും പങ്കാളി ജോൺ ബ്രൂക്കും കൂടി അലങ്കരിച്ച് ബാൽക്കണിയിൽ വച്ചിരുന്ന ക്രിസ്മസ് ട്രീയിലാണ് പെരുമ്പാമ്പ് കയറിയത്.

ഇവരുടെ ബാല്‍ക്കണിയിൽ പതിവായി ബട്ചർ കിളികളെത്താറുണ്ട്. ഇവയെ ലക്ഷ്യമാക്കിയാകാം പെരുമ്പാമ്പെത്തിയതെന്നാണ് നിഗമനം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ജോൺ ബ്രൂക്ക്സ് കിളികളുടെ ശബ്ദംകേട്ട് അവയുടെ വിഡിയോ ചിത്രീകരിക്കാനായി ബാൽക്കണിയിലേക്കിറങ്ങി. ബൽക്കണിയിലെത്തിയ ബ്രൂക്കാണ് ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.

പാമ്പിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം പെട്ടെന്നു തന്നെ ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ച് ജോൺ ബ്രൂക്ക് വീടിനുള്ളിൽ കയറി. പാമ്പിനെ അവിടെത്തന്നെ തുടരാനും ദമ്പതികൾ അനുവദിച്ചു. മണിക്കൂറുകളോളം ട്രീയിൽ ചെലവഴിച്ച പെരുമ്പാമ്പ് രാത്രി പത്ത് മണിയോടു കൂടിയാണ് അതിൽ നിന്നിറങ്ങി മെല്ലെ പുറത്തേക്കിഴഞ്ഞു പോയത്.ജോൺ ബ്രൂക്ക് പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Couple Finds 10-Foot Python Wrapped Around Christmas Tree