ഡിസംബറിലെ കൊടും തണുപ്പിൽ തണുത്തുറഞ്ഞ നിലയിലാണ് കാനഡയിലെ മിക്ക തടാകങ്ങളും. ഇങ്ങനെയൊരു തണുത്തുറഞ്ഞ തടാകത്തിനു നടുവിലാണ് മാനും രണ്ട് കുഞ്ഞുങ്ങളും അകപ്പെട്ടത്. കാന‍യിലെ തെക്കൻ ഒന്റാറിയോയിലുള്ള ഒരു തടാകത്തിലാണ് സംഭവം നടന്നത്. തടാകത്തിനു നടുവില്‍ നിന്നും പുറത്തു കടക്കാനാവാതെ കഷ്ടപ്പെടുന്ന മാനുകളെ ആദ്യം കണ്ടത് റയാൻ പീറ്റേഴ്സൺ ആണ്. 

ഇനിയും തടാകത്തിനു നടുവിൽ തുടർന്നാൽ മാനുകളുടെ ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലായ റയാൻ അവയെ രക്ഷപെടുത്താനുള്ള മാർഗം തിരഞ്ഞു. തണുത്തുറ‍ഞ്ഞ തടകത്തിനു നടുവിലെത്തി മാനുകളെ രക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തീരെ കനം കുറഞ്ഞ  മഞ്ഞുപാളികളായതിനാൽ സ്കേറ്റിങിലൂടെ മാനുകളുടെ അടുത്തെത്തി അവയുടെ ശരീരത്തിൽ കയറിട്ടു വലിച്ചാണ് കരയിലെത്തിച്ചത്.

മഞ്ഞിൽ കാലുറപ്പിച്ച് നിർത്താൻ പോലുമാകാതെ കിടക്കുന്ന നിലയിലായിരുന്നു മൂന്ന് മാനുകളും . ആദ്യം മുതിർന്ന മാനിനേയും പിന്നീട് കുട്ടികളേയും ഇതേ രീതിയിൽ രക്ഷപെടുത്തുകയായിരുന്നു. മാനുകളെ രക്ഷപടുത്തുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Ice Skater Risks Life to Save a Family of Deer Stuck in Frozen Lake in Canada