ഓസ്ട്രലിയ കൊടും ചൂടില്‍ വെന്തുരുകുകയാണ്. പ്രത്യേകിച്ചും വേനല്‍ കടുത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി. ആളുകള്‍ എസി ഇല്ലാതെ വീടുകളില്‍ പോലും ഇരിക്കുന്നില്ല. ചൂടിനെ പ്രതിരോധിക്കാന്‍ ആകുന്നതെല്ലാം ചെയ്യുകയാണ് ഓരോ മനുഷ്യരും. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സംഭവങ്ങള്‍ കൂടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല ചെറുതു മുതല്‍ വലുതു വരെയുള്ള ഓരോ ജീവിജാലങ്ങളും കൊടും ചൂടിന്‍റെ ഇരയായി മാറിക്കഴിഞ്ഞു.

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യരെ പോലെ എസി റൂമുകളില്‍ കഴിയാന്‍ സാധിക്കാത്തതിനാല്‍ ഓസ്ട്രേലിയയില്‍ ഉണ്ടായിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഈ ചൂട് ജീവദാലങ്ങളെ സംബന്ധിച്ച് മരണക്കെണിയാണ്. ഏതാണ്ട് 50 സെല്‍ഷ്യസ് വരെ ആസ്ട്രേലിയയില്‍, പ്രത്യേകിച്ചും വടക്കു കിഴക്കന്‍ ഓസ്ട്രേലിയയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ തന്നെയാണ് കൊടും ചൂടിനോടു കീഴടങ്ങി പക്ഷികള്‍ ചിറകു കരിഞ്ഞു വീഴുന്നതായുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതും.

തത്തകളും, കുരുവികളും, പ്രാവുകളും ഉള്‍പ്പടെയുള്ള പക്ഷികള്‍ ഇങ്ങനെ ചൂട് സഹിക്കവയ്യാതെ ആകാശത്ത് നിന്നു വീണതായി പലരും വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും തന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതമാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. കൊക്കറ്റൂ ഇനത്തില്‍ പെട്ട 7 പക്ഷികള്‍ ആകാശത്തു നിന്ന് ചത്തു വീണതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് കര്‍ഷകനായ ബില്‍ വാലസ് ആണ് 

അതേസമയം പക്ഷികളെയും മറ്റും ചൂടില്‍ നിന്ന് രക്ഷിക്കാന്‍ ആകും വിധം ശ്രമം നടത്തുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ പരിസ്ഥിതി വിഭാഗം അറിയിച്ചു. ഇതിനകം തന്നെ വവ്വാലുകള്‍ ഉള്‍പ്പടെ 100 കണക്കിന് പറക്കും ജീവികളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം തന്നെ പക്ഷികളെ ചൂടില്‍ നിന്ന് സംരക്ഷിക്കുക എന്നതിന് ഒരുപാട് പിരമിതികളുണ്ടെന്നും അധികൃതര്‍ സമ്മതിക്കുന്നു.

ഭക്ഷണം ലഭിക്കാത്തതും വെള്ളം ലഭിക്കാത്തതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് പക്ഷികളും മൃഗങ്ങളും നേരിടുന്നത്. ഇതിനുപുറമെ കൊടും ചൂടിലും ചൂടുകാറ്റിലും പെട്ട് നിര്‍ജലീകരണം കൂടി സംഭവിക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പക്ഷികള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് കൊടും ചൂടിലാണെങ്കില്‍ കംഗാരവും, കോലയും ഉള്‍പ്പടെയുള്ള ഓസ്ട്രേലിയയിലെ തനതു ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെട്ട വന്യമൃഗ സമ്പത്തിനു ഭീഷണിയാകുന്നത് എല്ലാ മേഖലയിലും പടര്‍ന്നു പിടിക്കുന്ന കാട്ടുതീയാണ്.

English Summary: Birds Are Falling Out Of The Sky Dead In Australia