സിംഹങ്ങൾ കൂട്ടമായി വേട്ടയാടുന്ന ജീവികളാണ്. എന്നാൽ കടുവകൾ അങ്ങനെയല്ല. ഒറ്റയ്ക്കാണ് ഇവയുടെ ഇരതേടൽ. ഭക്ഷണം മറ്റാരുമായും ഇവർ പങ്കുവയ്ക്കാറുമില്ല. എന്നാൽ മധ്യപ്രദേശിലെ പെഞ്ച് നാഷണൽ പാർക്കിൽ നടന്ന ദൃശ്യങ്ങൾ ഏവരേയും അമ്പരപ്പിക്കുന്നതാണ്.

ഒരു മാനിനെ രണ്ട് കടുവകൾ ചേർന്ന് വേട്ടയാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ രണ്ടു കടുവകൾ ചേർന്ന് ഒരു മാനിനു പിന്നാലെ പായുന്നത് കാണാം. വിഡിയോ അവസാനിക്കുന്നത് വരെ മാനിനെ കടുവകൾ പിടികൂടിയിട്ടില്ല. ‌ എന്നാൽ പിന്നീട് എന്തു സംഭവിച്ചു എന്നത് വ്യക്തമല്ല.

സാധാരണയായി പ്രായപൂർത്തിയായ കടുവകൾ ഒന്നിച്ച് ഇരതേടാറില്ല. അതിർത്തി തിരിച്ചാണ് കടുവകളുടെ വാസം. കടുവക്കുട്ടികൾ രണ്ടര വയസ്സുവരെ മാത്രമേ അമ്മയ്ക്കൊപ്പം ജീവിക്കാറുള്ളൂ. പിന്നീട് സ്വതന്ത്രമായാണ് ഇവയുടെ ജീവിതവും ഇരതേടലുമെല്ലാം. എന്നാൽ ഇവിടെയെന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല.

English Summary: 2 Tigers Chasing Deer At Pench National Park