വയനാട് വട്ടവയലിലെ ജനവാസ മേഖലയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വച്ച് പിടികൂടി. 3 വയസ്സ് തോന്നിക്കുന്ന ആൺപുലിയാണു വ്യാഴാഴ്ച രാത്രി വട്ടവയൽ ശോഭാ നിവാസിൽ കെ. ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.

പുലിയെ കൂട്ടിലാക്കി വനം വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. രാത്രി പന്ത്രണ്ടരയോടെ വലിയ ശബ്ദം വീട്ടുകാർ കേട്ടിരുന്നു. കാട്ടാന ശല്യമുള്ള മേഖലയായതിനാൽ വീട്ടുകാർ പുറത്തിറങ്ങിയില്ല.  രാവിലെ ആറരയോടെ കിണറ്റിൽ നോക്കിയപ്പോഴാണു പുലിയാണെന്നു സ്ഥിരീകരിച്ചത്. ഉടൻ കൽപറ്റയിലെ വനംവകുപ്പ് ഓഫിസിൽ വിവരം നൽകി.  വനംവകുപ്പ് ഉദ്യോഗസ്ഥരും റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ പതിനൊന്നേകാലോടെ പുലിയെ മയക്കുവെടി വച്ചു പിടികൂടി.

മയക്കുവെടി വയ്ക്കാതെ പിടികൂടാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, സ്ഥലത്തു ജനക്കൂട്ടം തമ്പടിച്ചിരുന്നതിനാൽ അതുപേക്ഷിച്ചു. പിന്നീട്,  കിണറ്റിൽ ഇറക്കിയ വലയിൽ കുടുങ്ങിയ പുലിയെ മുകളിലോട്ട് അൽപം വലിച്ചു കയറ്റിയ ശേഷം മയക്കുവെടി വയ്ക്കുകയായിരുന്നു.

English Summary: Leopard trapped in Wayanad well saved in rescue operation