പാമ്പുകടി മൂലമുള്ള ഉഗ്ര വിഷബാധയ്ക്ക് ഫലപ്രദമായ പ്രതിവിഷം നിർമിക്കാൻ സഹായകമായ സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മൂർഖൻ പാമ്പുകളുടെ ജനിതകഘടന സംയോജിപ്പിച്ചാണ് വിഷചികിത്സയിൽ നാഴികക്കല്ലായേക്കാവുന്ന കണ്ടെത്തൽ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. ബെംഗളുരുവിലെ സൈജിനോം റിസേർച്ച് ഫൗണ്ടേഷനിലെ  ശാസ്ത്രജ്ഞനായ സോമശേഖർ ശേഷഗിരിയും സംഘവുമാണ് ഈ കണ്ടെത്തലിനു പിന്നിൽ.

പ്രതിവർഷം അഞ്ചു മില്യനോളം മനുഷ്യർക്ക് പാമ്പുകടിയിലൂടെ വിഷബാധ ഏൽക്കുന്നണ്ടെന്നാണു കണക്ക്‌. ഒരു ലക്ഷത്തോളം ആളുകൾ പ്രതിവർഷം മരണപ്പെടുകയും നാലു ലക്ഷത്തിൽ പരം ആളുകൾക്ക് വിഷബാധയെ തുടർന്ന് ശരീരഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്യുന്നു.  ഇന്ത്യയിൽ മാത്രം മൂർഖൻ, അണലി, എട്ടടി വീരൻ എന്നിങ്ങനെ ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റ്  പ്രതിവർഷം മരിക്കുന്നവരുടെ എണ്ണം 46000 ത്തോളമാണ്.

നിലവിൽ വിഷബാധയ്ക്ക് നിരവധി പ്രതിവിഷങ്ങൾ ലഭ്യമാണെങ്കിലും അവയ്ക്കെല്ലാം ഗുരുതര പാർശ്വഫലങ്ങൾ ഉള്ളതായാണ് തെളിഞ്ഞിരിക്കുന്നത്.  ഇതിനുപുറമേ പ്രതിവിഷങ്ങളുടെ ഉയർന്ന വിലയും പലരാജ്യങ്ങളിലെയും വിഷചികിത്സാ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഉയർന്ന ഗുണനിലവാരത്തിൽ ജനിതകഘടന സംയോജിപ്പിക്കുന്നതിന്റെ പ്രസക്തി. ഉഗ്രവിഷമുള്ളയിനം ആയതിനാലാണ് ഇന്ത്യയിലെ മൂർഖൻ പാമ്പുകളെ തന്നെ പഠനത്തിനു വിധേയമാക്കിയത്.  

മൂർഖൻ പാമ്പുകളുടെ 14 തരം വ്യത്യസ്ത കോശങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 33 വിഷ വിഭാഗങ്ങളിൽ നിന്നും 139 ജീനുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ മൂർഖൻ പാമ്പിന്റെ ജനിതകഘടന ഏറ്റവും കരുത്തുറ്റ പ്രതിവിഷം നിർമിക്കാൻ ആവശ്യമായ ഘടകങ്ങൾ അടങ്ങിയതാണെന്നു ഗവേഷകർ പറയുന്നു. നേച്ചർ ജെനറ്റിക്സ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Researchers assemble Indian cobra’s genome sequence, will help find anti-venom