പൂച്ചകളെന്നു കേൾക്കുമ്പോൾ തന്നെ ഏറെ ഓമനത്തമുള്ള വളർത്തുമൃഗങ്ങളുടെ ചിത്രമായിരിക്കും മനസ്സിലേക്കെത്തുക. എന്നാൽ സിംഹത്തെയും കടുവയേയുമൊക്കെ പോലെ മനുഷ്യരുടെ മൃതശരീരങ്ങൾ അവ ആർത്തിയോടെ തിന്നുന്ന കാഴ്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അത്തരം ഒരു കാഴ്ചയാണ് കൊളറാഡോയിലെ ഫോറൻസിക് അന്വേഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്നത്.

കൊളറാഡോയിലെ വൈറ്റ് വാട്ടറിലുള്ള ഫോറൻസിക് ഗവേഷണ കേന്ദ്രത്തിൽ മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫാമിലാണ് കാട്ടു പൂച്ചകൾ ഭക്ഷണം തേടിയെത്തിയത്. മനുഷ്യശരീരങ്ങൾ അഴുകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നതിനും നരവംശശാസ്ത്ര ഗവേഷകരെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഫാമുകൾ  പ്രവർത്തിക്കുന്നത്. മൃഗങ്ങളിൽ നിന്നും ശരീരങ്ങൾ സംരക്ഷിക്കുന്നതിനായി വലിയ വേലിക്കെട്ടുകൾക്കുള്ളിലാണ് മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്‌. ഇതിനുള്ളിൽ കയറി ശവശരീരങ്ങൾ ഭക്ഷിക്കുന്ന കാട്ടു പൂച്ചകളുടെ ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത്. 

മനുഷ്യശരീരങ്ങൾ അഴുകുന്നതിനെക്കുറിച്ചു പഠിക്കാൻ വേണ്ടിയായതിനാൽ മുഖവും ശരീരഭാഗങ്ങളും മറയ്‌ക്കാതെയാണ്  അവ ഫാമിൽ സൂക്ഷിക്കുന്നത്‌. ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടാഴ്ച പഴക്കമുള്ള രണ്ട് മൃതശരീരങ്ങളാണ് പൂച്ചകൾ ഭക്ഷണമാക്കിയത്. ശവശരീരങ്ങളുടെ അര ഭാഗവും തുടകളും കൈകളുമാണ് കാട്ടു പൂച്ചകൾ പ്രധാനമായും ഭക്ഷണമാക്കിയത്. ഇതിൽ നിന്നും ബോബ് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കാട്ടുപൂച്ചകളാകാം ഫാമിൽ എത്തിയതെന്ന നിഗമനത്തിലാണ് ഗവേഷകർ.

English Summary: Cats Caught Breaking Into Human Body Farm To Feast On The Dead