വന്യമൃഗങ്ങളുടെ നീക്കങ്ങൾ പ്രവചനാതീതമാണ്. പ്രത്യേകിച്ചും ആനകളുടെ. നമ്മുടെ രാജ്യത്തെ മിക്ക ദേശീയ പാതകളും കടന്നു പോകുന്നത് വനാതിർത്തിയിലൂടെയും വനത്തിനു നടുവിലൂടെയുമൊക്കെയാണ്. അതുകൊണ്ടു തന്നെ വന്യമൃഗങ്ങൾ ദേശീയപാത മുറിച്ച് കടക്കുന്നത് ഇവിടങ്ങളിലെല്ലാം പതിവു കാഴ്ചയാണ്. മിക്കപ്പോഴും ഇതിലെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ശല്യമൊന്നുമുണ്ടാക്കാതെയാവും കാട്ടാനക്കൂട്ടം കടന്നു പോവുക. കാട്ടാനകൾ കടന്നു പോകുമ്പോൾ ഹോണടിച്ചും മറ്റു ശബ്ദങ്ങളുണ്ടാക്കിയും അവരെ പ്രകോപിതരാക്കാതിരുന്നാൽ മതി. എന്നാൽ ചില അവസരങ്ങളിൽ ഇതൊന്നും കാട്ടാനകളുടെ അടുത്ത് വിലപ്പോവില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

കർണാടകയിലെ നാഗർഹോളെ ദേശീയപാർക്കിലാണ് സംഭവം നടന്നത്. ഇവിടെ ദേശീപാതയിലൂടെ കടന്നു പോയ ട്രക്കിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ട്രക്ക് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അപകടമൊന്നും സംഭവിക്കാതെ രക്ഷപെട്ടത്. ട്രക്കിനു നേരെ പാഞ്ഞടുക്കുന്ന ആനയെക്കണ്ട് ഡ്രൈവർ വണ്ടി പിന്നോട്ടെടുത്തു. പ്രകോപിതനായ ആന ട്രക്കിന്റെ ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കി വലിച്ചെറിയുകയായിരുന്നു. ട്രക്കിനുള്ളിൽ ഡ്രൈവറോടൊപ്പമുണ്ടായിരുന്ന ആളാണ് 51 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പകർത്തിയത്. ബോണറ്റ് കുത്തിയെടുത്തുകളഞ്ഞ ആന കൂടുതൽ ആക്രമണത്തിനു മുതിരാതെ മറുവശത്തേക്ക് പോവുകയും ചെയ്തു.

മദപ്പാടാകാം ആന പ്രകോപിതനാകാൻ കാരണമെന്നാണ് നിഗമനം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആനകൾ അക്രമാസക്തരാകാറുണ്ട്.മൈക്കിൾ ഡ്വെയർ ആണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Angry Elephant Chases A Truck & Rips Of Bonnet With Its Tusks, In Karnataka National Park