മേൽക്കൂരയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടന്ന് ഭീമൻ പല്ലിയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ചിത്രങ്ങൾ കൗതുകമാകുന്നു. ക്വീൻസ്‌ലൽഡിലെ നാമ്പോറിൽ വിശ്രമജീവിതം നയിക്കുന്നവർ താമസിക്കുന്ന വീടുകളിലൊന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. വീടിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടന്ന് ഇരവിഴുങ്ങുന്ന കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ഭീമൻ പല്ലിയെ വിഴുങ്ങുന്ന നിലയിലായിരുന്നു പാമ്പ്.

ക്രൈസ്റ്റ് കെയർ സാങ്ച്വറി പാർക്കിലെ റിട്ടയർമെന്റ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പെരുമ്പാമ്പ് ഇരവിഴുങ്ങുന്ന ചിത്രം പങ്കുവച്ചത്. ഓസ്ട്രേലിയയിൽ സാധാരണമായി കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പാണ് കാർപെറ്റ് പൈതണുകൾ. രാത്രിയിലും പകലുമെല്ലാം ഇവ സ്വൈര്യവിഹാരം നടത്താറുണ്ട്.

അസാധാരണമായ വരൾച്ചയാണ് ഇപ്പോൾ ഈ മേഖല നേരിടുന്നത്. സമീപത്തെ ദേശീയ പാർക്കിലെ ജീവികളെല്ലാം കുടിവെള്ളത്തിനായും ഭക്ഷണത്തിനായും അലയുന്നുണ്ട്. ഇങ്ങനെയെത്തിയതാകാം ഈ പാമ്പുമെന്നാണ് നിഗമനം. 

English Summary: Retirement Village Residents Shocked To See Snake Devouring Huge Lizard