കഴുത്തിൽ ടയർ കുരുങ്ങി ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന കൂറ്റൻ മുതലയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുതലയുടെ കഴുത്തിലെ ടയർ ഊരി അതിനെ രക്ഷപെടുത്തുന്നവർക്ക്  വമ്പൻ പ്രതിഫലമാണ് അധികൃതർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈന്തോനീഷ്യയിലാണ് കഴുത്തിൽ ടയർ കുരുങ്ങിയ നിലയിൽ മുതലയെ കണ്ടെത്തിയത്. പാലു എന്നാണ് മുതലയുടെ പേര്.

13 അടിയോളം നീളമുള്ള കൂറ്റൻ മുതലയുടെ കഴുത്തിൽ ടയർ കുരുങ്ങിയിട്ട് വർഷങ്ങളായി. പ്രാദേശിക മൃഗസംരക്ഷണ പ്രവർത്തകർ മുതലയുടെ ശരീരത്തിൽ നിന്ന് ടയർ നീക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ അവർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പകർത്തിയ ദൃശ്യങ്ങളിലാണ് മുതല ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്നതായി കണ്ടെത്തിയത്. 

ഇങ്ങനെ പോയാൽ മുതലയുടെ ജീവൻ തന്നെ അപകടത്തിലായേക്കും എന്നു മനസ്സിലാക്കിയാണ് അധികൃതർ മുതലയെ രക്ഷിക്കുന്നവർക്ക് കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തത്. സാധാരണക്കാർ മുതലയുടെ അടുത്ത് പോവുകയോ അതിനെ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതല പിടുത്തത്തിൽ വൈദഗ്ധ്യമുള്ളവരെയാണ് അധികൃതർ ക്ഷണിച്ചിരിക്കുന്നത്.

English Summary: Indonesia offers reward for rescuing crocodile after video of its neck stuck in tyre