മുപ്പത് അടിയിലേറെ താഴ്ചയുള്ള കിണറ്റിലിറങ്ങി തെരുവു നായയെ രക്ഷിച്ച യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സ്വന്തം ജീവൻ പോലും പണയം വച്ച് തെരുവുനായയെ രക്ഷിച്ച യുവതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ. മംഗളൂരുവിലാണ് സംഭവം നടന്നത്.

മറ്റ് തെരുവു നായകളുമായി വഴക്ക് കൂടുന്നതിനിടയിലാണ് നായ അബന്ധത്തിൽ കിണറ്റിൽ വീണത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് നായയുടെ കരച്ചിൽ കേട്ട് ഇവിടേക്കെത്തിയത്. കിണറിനുള്ളിൽ അകപ്പെട്ട നായയെ രക്ഷിക്കാൻ കുട്ടികൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു രാത്രി മുഴുവൻ കിണറിനുള്ളിൽ കിടന്ന നായയെ പിറ്റേന്നാണ് വിവരമറിഞ്ഞെത്തിയ യുവതി രക്ഷപെടുത്തിയത്.

ശരീരത്തിൽ കയർ വലിച്ചു കെട്ടിയാണ് യുവതി കിണറ്റിലിറങ്ങിയത്.നായയെ മറ്റൊരു കയറിൽ കെട്ടി മുകളിൽ നിന്നവർ വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് യുവതിയേയും കരയിലേക്ക് വലിച്ചുകയറ്റി. രക്ഷപെടുത്തിയ നായ കയറിച്ചു വിട്ടപ്പോഴേ ഓടിമറഞ്ഞു. നായയെ സാഹസികമായി രക്ഷപെടുത്തിയ യുവതി മംഗളൂരു സ്വദേശിനിയായ രജനി ഷെട്ടിയാണെന്ന് തിരിച്ചറിഞ്ഞു.

English Summary: Stray Dog Accidentally Falls Into Well, Mangalore Woman Risks Life To Save Him