മൃഗങ്ങളുടെ ചില പ്രവൃത്തികൾ കണ്ടാൽ മനുഷ്യരേക്കാൾ സംസ്ക്കാരം ഇവർക്കുണ്ടെന്നു തോന്നും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗുജറാത്തിലെ ഗിർ വനത്തിനു സമീപത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വന്യമൃഗങ്ങൾക്കും റോഡ് നിയമങ്ങൾ പാലിക്കാനറിയാം എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഗിർ വനത്തിനുള്ളിലൂടെയുള്ള മൺപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു സിംഹവും രണ്ട് കുഞ്ഞുങ്ങളും.  അപ്പോഴാണ് എതിരെ ഇരുചക്രവാഹനത്തിൽ ഒരു കർഷകനെത്തിയത്. സിംഹങ്ങളെ വഴിൽ കണ്ട കർഷകൻ ഉടൻ തന്നെ വാഹനം നിർത്തി. ഇതു കണ്ട സിംഹവും കുട്ടികളും ഉടൻതന്നെ വാഹനത്തിനു കടന്നു പോകാനായി വഴിമാറിക്കൊടുത്തു.

36 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യം രാജ്യസഭാംഗമായ പരിമൾ നത്‌വാനിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

English Summary: Lioness and her cubs make way for biker in Gujarat