Image Credit: Kennedy News/Jens Cullmann

പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളും ഒരുപോലെ മനോഹരമായിരിക്കില്ല. വന്യജീവി ഫൊട്ടോഗ്രഫർമാർ പലപ്പോഴും പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ പകർത്താനാണ് കാടുകയറുന്നത്. അവിടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം നടുക്കുന്ന ദൃശ്യങ്ങൾക്കും പലപ്പോഴും സാക്ഷിയാകേണ്ടിവരും. അത്തരമൊരു നൊമ്പരപ്പെടുത്തുന്ന ദൃശ്യമാണ് ജർമൻ ഫൊട്ടോഗ്രഫറായ ജെൻസ് കുൾമന്‍ എന്ന 50 കാരന് കാണേണ്ടിവന്നത്. ചതുപ്പിലകപ്പെട്ട അമ്മയാനയുടെയും കുഞ്ഞിന്റെയും നിസ്സഹായാവസ്ഥയാണ് ജെൻസിനു പകർത്തേണ്ടിവന്നത്.

Image Credit: Kennedy News/Jens Cullmann

സിംബാബ്‌വേയിലെ മാനാ പൂൾസ് ദേശീയ പാർക്കിലാണ് ദാരുണമായ സംഭവം നടന്നത്. ചതുപ്പിൽ പുതഞ്ഞു പോയ ശരീരവുമായി നിന്ന ആനക്കുട്ടിയെ അവിടെയെത്തിയ കഴുതപ്പുലിക്കൂട്ടം ജീവനോടെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ നിസ്സഹായയായി കണ്ടു നിൽക്കാനെ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. കാരണം അമ്മയും ചതുപ്പിൽ അതേപോലെ അകപ്പെട്ടു കിടക്കുകയായിരുന്നു. കുഞ്ഞിനെ കടിച്ചുകീറാനെത്തിയ കഴുതപ്പുലിക്കൂട്ടത്തിനു നേരെ തുമ്പിക്കൈ ഉപയോഗിച്ച് മണ്ണുവാരിയെറിയാനും ഉറക്കെ കരയാനും മാത്രമേ അമ്മയാനയ്ക്കു കഴിഞ്ഞുള്ളൂ.

കനത്ത വരൾച്ചയാണ് പ്രദേശം നേരിടുന്നത്. വെള്ളം തേടിയെത്തിയ അമ്മയാനയും കുഞ്ഞുമാണ് ചതുപ്പിലകപ്പെട്ടത്. രാത്രിമുഴുവൻ കുട്ടിയാനയെ വളഞ്ഞ് കടിച്ചു കീറിയ കഴുതപ്പുലിക്കൂട്ടം പിറ്റേന്ന് അതിന്റെ കാലും കടിച്ച് പിടിച്ച് ഓടുന്ന ചിത്രങ്ങളും അമ്മയാനയുടെ മരണം പ്രതീക്ഷിച്ച് കഴുകൻമാർ കാത്തിരിക്കുന്നതും ജെൻസ് പകർത്തി. അനങ്ങാൻ പോലുമാവാതെ നിന്ന് ഒടുവിൽ ആ അമ്മയാനയും മരണത്തിന് കീഴടങ്ങി. നൊമ്പരപ്പെടുത്തുന്ന ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തുന്നത്. 

English Summary: Baby Elephant Stuck In Mud Gets Eaten Alive By A Pack Of Hyenas