മൃഗശാല സന്ദർശിക്കാനെത്തിയ യുവാവിന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കടുവയെ പാർപ്പിച്ചിരിക്കുന്നതിനു സമീപമുള്ള മരത്തിലൂടെ കയറി അതിന്റെ കൂടിനുള്ളിലേക്ക് വീണ യുവാവിനെയാണ് അനുഷ്ക എന്നു പേരുള്ള കടുവ ആക്രമിച്ചത്. റാഞ്ചിയിലെ ഒർമഞ്ചി മൃഗശാലയിലാണ് സംഭവം നടന്നത്. ബുധനാഴ്ച ഭഗ്‌വൻ ബിർസ ബയോളജിക്കൽ പാർക്കിലെത്തിയ 22 കാരനായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഇവിടെയെത്തിയ യുവാവ് പെട്ടെന്ന് മരത്തിലേക്ക് കയറി കൂടിനുള്ളിലേക്ക് വീഴുകയായിരുന്നെന്ന് മൃഗശാല ജീവനക്കാരനായ രംജീത്ത് വ്യക്തമാക്കി. കൂട്ടിലേക്ക് വീണ ഇയാളെ ഉടൻതന്നെ അനുഷ്ക എന്ന പെൺകടുവ ആക്രമിക്കുകയായിരുന്നു.ജീവനക്കാർ ഉടൻതന്നെ കടുവയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവർ വ്യക്തമാക്കി.  ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യവാവിന്റെ മൃതദേഹം പിന്നീട് കൂടിനുള്ളിൽ നിന്നും നീക്കം ചെയ്തു.

സമാനമായ സംഭവം 2014ല്‍ ഡൽഹി മൃഗശാലയിൽ നടന്നിരുന്നു. അന്ന് 20 വയസ്സുള്ള യുവാവിനാണ് കടുവയുടെ കൂടിനുള്ളിലേക്ക് വീണ് ജീവൻ നഷ്ടമായത്. ഇയാൾ  ഫൊട്ടോയെടുക്കുന്നതിനിടയി ൽ കാൽവഴുതി കടുവയുടെ കൂടിനുള്ളിലേക്ക് വീഴുകയായിരുന്നു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു സംഭവത്തേക്കുറിച്ച് കേസെടുത്തിട്ടുണ്ട്.

English Summary: Man Climbs Tree Near Zoo And Falls Into Tigress' Cage, Gets Attacked And Dies