കാട്ടു നായ്ക്കളുണ്ട് ഈ ആനക്കുഞ്ഞിന്റെ പിന്നാലെ. തക്കം കിട്ടിയാൽ അവർ അവനെ കടിച്ചുകീറും. മുന്നറിയിപ്പു നൽകാനും കരുതലൊരുക്കാനും കൂട്ടം പിരിഞ്ഞു പോയ ഇവന്റെ കൂടെയാരുമില്ല. അമ്മയ്ക്കും കൂട്ടർക്കുമൊപ്പം കഴിഞ്ഞ വർഷമാണിവൻ പൂയംകുട്ടി പുഴ നീന്തിക്കടന്ന് വടക്കേ മണികണ്ഠൻചാലിൽ എത്തിയത്. ഇവിടെയുള്ള കിണറിൽ വീണതോടെ ആനക്കൂട്ടം ഇവനെ കയ്യൊഴിഞ്ഞു. കുട്ടമ്പുഴ റേഞ്ച് ഓഫിസർ എസ്. രാജന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തര വഴിയുണ്ടാക്കി കുട്ടിയാനയെ രക്ഷപെടുത്തിയിരുന്നു. 

എന്നാൽ കൂട്ടം വിട്ടതോടെ കുട്ടിയാന ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട് അലഞ്ഞു തിരിയുന്ന കുഞ്ഞാനയുടെ പിന്നാലെ ഇപ്പോൾ കാട്ടുനായ്ക്കൾ വട്ടമിടുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനായ ഷെമീർ പെരുമറ്റം പറയുന്നു. കുട്ടിയാനയെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിക്കണമെന്നും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് ഷെമീർ വനം വകുപ്പ് അധികൃതർ നിവേദനം നൽകിയിട്ടുണ്ട്. വനയാത്രകൾ നടത്തുന്ന ഷെമീറിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ളവർ കുട്ടിയാനയുടെ ദുരിതങ്ങൾ ചിത്രങ്ങളായി പകർത്തിയിട്ടുണ്ട്. ഇതുൾപ്പെടെയാണ് നിവേദനം നൽകിയിരിക്കുന്നത്.

English Summary: Stranded elephant calf in Pooyamkutty