ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ. കൂട്ടം ചേർന്നു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഇത്തരമൊരു മീർകാറ്റിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ലണ്ടൻ മൃഗശാലയിൽ നിന്നു പകർത്തിയതാണ് ചിരിപടർത്തുന്ന ഈ ദൃശ്യങ്ങൾ.

മൃഗശാലയിലെത്തിയ വിനോദസഞ്ചാരികളിലാരോ ആണ് ഇതു പകർത്തിയത് . മൃഗശാലയിൽ മീർകാറ്റുകളെ പാർപ്പിച്ചിരിക്കുന്ന സ്ഥത്ത് കൂടിനു മുന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന മീർകാറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇടയ്ക്ക്  പിന്നിലേക്ക് ഉറങ്ങി വീഴാനൊരുങ്ങുന്ന മീർകാറ്റ് ഞെട്ടിയുണരുന്നതും വീണ്ടും ഉറക്കം തൂങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ ഉറക്കം കൂങ്ങി മുന്നോട്ടു വീഴുന്ന മീർകാറ്റ് പന്തുപോലെ അവിടെത്തന്നെ കിടന്നുറങ്ങി.

സമീപത്തായി ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരു മീർകാറ്റും തല ഉയർത്തി നിൽക്കുന്നുണ്ടായിരുന്നു. ഇരുകാലുകളിലും നിവർന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ചെറുജീവികളും പക്ഷികളുടെ മുട്ടയുമൊക്കെയാണ് മീർകാറ്റുകളുടെ പ്രധാന ഭക്ഷണം. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Drowsy Meerkat Dozes Off