അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വാക്കുകൾക്ക് അതീതമാണ്. അത് മനുഷ്യരുടേതായാലും മൃഗങ്ങളുടേതായാലും അങ്ങനെ തന്നെ. പിഞ്ചുകുഞ്ഞുങ്ങളെ ഏറെ കരുതലോടെയും സ്നേഹത്തോടെയും താലോലിക്കുന്ന അമ്മമാരെ എവിടെ നോക്കിയാലും നമുക്കു കാണാം. അത്തരമൊരു ദ‍ശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ജലപ്പരപ്പിനു മുകളിൽ മലർന്നു കിടന്ന് ഒരു ദിവസം മാത്രം പ്രായമായ നീർനായ കുഞ്ഞിനെ താലോലിക്കുന്ന അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. രണ്ടു കൈകൾ കൊണ്ടും കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് വെള്ളത്തിനു മുകളിൽ മലർന്നാണ് നീർനായയുടെ കിടപ്പ്. അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് മയങ്ങുകയാണ് നീർനായയുടെ കുഞ്ഞ്. കുഞ്ഞിന്റെ മുഖത്തോട് മുഖം ചേർത്തുവച്ച് അമ്മ ഉറങ്ങുന്നതും ദൃശ്യങ്ങളിൽ കാണം.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് 2015 ൽ പുറത്തിറങ്ങിയ ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്. 

English Summary: Otter-ly adorable! Heartwarming moment a mother embraces her pup