മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന സ്ഥാനം സ്ഥിരമായി അലങ്കരിക്കുന്നത് നായകളാണ്. നായകളും മനുഷ്യനും തമ്മിലുള്ള അടുപ്പത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. അവയിൽ പലതും അപകടത്തിൽപ്പെട്ട നായയെ രക്ഷിക്കുന്ന ഉടമസ്ഥനോട് കൂറും സ്നേഹവും കാട്ടുന്നവയെപ്പറ്റി ഉള്ളതാണ്. ഇന്ത്യയിലെ ടിക്ടോക് താരമായ ഇമ്രാൻ എന്ന വ്യക്തിക്കുമുണ്ട് അത്തരം ഒരു സുഹൃത്ത്. പക്ഷേ അത് നായ അല്ല എന്ന് മാത്രം. തന്റെ കാളയുമായി ആണ് ഇമ്രാൻ അടുത്ത സൗഹൃദം പങ്കുവയ്ക്കുന്നത്. ഇരുവരും ചേർന്നുള്ള ടിക്ടോക് വിഡിയോകളും ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ കന്നുകാലികൾ വലിയ പങ്കാണ്  വഹിക്കുന്നത്. അവയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ ഗ്രാമപ്രദേശങ്ങളിൽ ഏറെയാണ്. എന്നാൽ മറ്റു വളർത്തു മൃഗങ്ങളെപ്പോലെ മനുഷ്യരുമായി  സൗഹൃദത്തിൽ ആവുന്ന കന്നുകാലികൾ വിരളമാണ്.

തന്നെ അപകടങ്ങളിൽനിന്നും കാള രക്ഷിക്കാനെത്തുന്ന തരം വീഡിയോകളാണ് ഇമ്രാൻ പോസ്റ്റ് ചെയ്യുന്നതിൽ ഏറെയും. ആളുകൾ കൂട്ടം ചേർന്ന് ഇമ്രാനെ ആക്രമിക്കാൻ മുതിരുന്നതും അപകടം മനസ്സിലാക്കി കാള ഓടിയെത്തി രക്ഷിക്കുന്നതും എല്ലാം വിഡിയോകളിൽ കാണാം. ഇതിനുപുറമെ ഇരുവരും ചേർന്ന് മനുഷ്യൻ - മൃഗം എന്ന അതിരുകളില്ലാതെ സ്നേഹ നിമിഷങ്ങൾ പങ്കിടുന്ന തരം വിഡിയോകളും ഉണ്ട്. 1.6 ദശലക്ഷം ഫോളോവേഴ്സ് ആണ് ഈ അപൂർവ സുഹൃത്തുക്കളുടെ വിഡിയോകൾക്ക് ഉള്ളത്.