എത്ര പ്രിയപ്പെട്ടവനാണെങ്കിലും കുട്ടിച്ചാത്തന് ഒടുവിൽ വവ്വാലായി മാറാനേ നമ്മുടെ കഥകളിൽ കഴിയുകയുള്ളൂ. അത്രമാത്രം അറപ്പും വെറുപ്പും തോന്നുന്ന ഭീകര ജീവിയാണ് പലർക്കും വവ്വാലുകൾ. എബോള, നിപ, കൊറോണ എന്നിങ്ങനെ ഏതു വൈറസ് രോഗങ്ങൾ ചികഞ്ഞു പോയാലും ഒടുവിൽ ചെന്നെത്തുക വവ്വാലുകളിലായിരിക്കും. 2018ലെ നിപ രോഗകാലത്ത് പ്രതിസ്ഥാനത്ത് നിന്നിരുന്ന പൂവൻകോഴി പേരാമ്പ്രയിലെ വവ്വാലുകളായിരുന്നുവല്ലോ?

കോവിഡ്- 19ന്റെ വർത്തമാന കാലത്തിനു മുൻപ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ മൂന്നു ജന്തുജന്യ കൊറോണ വൈറസുകൾ ഭീകരമായ മഹാമാരികളുടെ പൊട്ടിപ്പുറപ്പെടലിന് കാരണഭൂതരായി. 2003-ലെ സാർസ്, 2012-ലെ മെർസ് എന്നിവ ലോകമെമ്പാടും ആയിരക്കണക്കിന് മനുഷ്യ ജീവനുകളെടുത്തപ്പോൾ 2017-ലെ സാഡ്സ് പന്നികളെയാണ് കൊന്നൊടുക്കിയത്. ഇവ മൂന്നിനും ഉണ്ടായിരുന്ന നിരവധി പൊതു പ്രത്യേകതകളിൽ ഒന്നായിരുന്നു അവയുടെ രോഗഹേതുവായ വൈറസിന്റെ വവ്വാൽ ഉത്ഭവം. ശാരീരിക, രോഗപ്രതിരോധശേഷിയുടെ പ്രത്യേകതകൾ കാരണം രോഗബാധയില്ലാതെ വൈറസുകൾക്ക്  താമസമൊരുക്കാൻ മാത്രം ആതിഥേയ സ്നേഹം വവ്വാലുകൾക്കുണ്ട്. എന്നാൽ വവ്വാലുകളിൽ നിന്ന് ഇവ മനുഷ്യനിലേക്കും മൃഗങ്ങളിലേക്കും എത്തുന്ന വഴികളേക്കുറിച്ച് പൂർണ്ണമായ ധാരണ ഇന്നും ശാസ്ത്രലോകത്തിനില്ല. എങ്കിലും യുക്തിസഹമായ വിശദീകരണം വിരൽ ചൂണ്ടുന്നത് 'ആ പ്രതി നീ തന്നെയെന്ന്' എന്ന വാക്കുകളോടെ മനുഷ്യൻ ചെയ്യുന്ന പരിസ്ഥിതി നശീകരണത്തിലേക്കാണ്.

പറക്കാൻ കഴിയുന്ന ഒരേയൊരു സസ്തനിയായ വവ്വാലുകൾ ഭൂമിയിലെ സസ്തനികളിൽ അഞ്ചിലൊന്നോളം എണ്ണത്തിൽ വരും. പക്ഷേ ലോകത്തെമ്പാടും വവ്വാലുകൾ വംശനാശ ഭീഷണി നേരിടുകയാണ്. ഇതിന്റെ മുഖ്യ കാരണം അവയുടെ ആവാസസ്ഥലങ്ങൾക്കുണ്ടായ നാശമാണ്.വനങ്ങൾ നശിച്ചപ്പോൾ വവ്വാലുകൾക്ക് അവരുടെ വീടുകളാണ് നഷ്ടപ്പെട്ടത്. പൊക്കമുള്ള മരങ്ങളിൽ കൂട്ടമായി ചേക്കേറിയിരുന്നവരായിരുന്നു ഈ ജീവികൾ. വവ്വാലുകൾ മനുഷ്യനുമായി സമ്പർക്കത്തിലാവുന്ന അവസ്ഥയാണ് പല വൈറസുകളും മനുഷ്യരിലെത്താനുള്ള കാരണം. പാർക്കാനിടം നഷ്ടപ്പെട്ട് പുതിയ വീടു തേടിയലയുന്ന വവ്വാലുകളാണ് രോഗബാധ വേഗത്തിലാക്കുന്നത്. ഫലവൃക്ഷങ്ങൾ ഇല്ലാതായതോടെ പഴം തീനി വവ്വാലുകൾക്ക് പട്ടിണിയെ നേരിടേണ്ടി വരുന്നു. പരിസ്ഥിതിനാശവും കാലാവസ്ഥാ വ്യതിയാനവും ഷഡ്പദങ്ങളെ കുരുതി കൊടുത്തതോടെ പ്രാണിതീനി വവ്വാലുകളും കഷ്ടത്തിലായി. കാലാവസ്ഥാമാറ്റം മൂലം കാലം തെറ്റി പൂക്കുന്ന വൃക്ഷങ്ങളും വവ്വാലുകളെ വിഷമത്തിലാക്കി. അമിതമായ കീടനാശിനി പ്രയോഗം ഷഡ്പദങ്ങളെ ബാധിച്ചതും വവ്വാലുകൾക്ക് ഭക്ഷണമില്ലാതാക്കി. കാറ്റാടി യന്ത്രങ്ങൾ, ഇലക്ട്രിക് വയറുകൾ എന്നിവ വവ്വാലുകളുടെ അന്തകരായി. വവ്വാലുകളെ പേടിച്ച ചില മനുഷ്യർ അവയെ കൊന്നൊടുക്കി.

വവ്വാലുകൾക്ക് താവളവും ഭക്ഷണവും നൽകിയ കാടുകൾക്ക് ചരമ മണി മുഴങ്ങിയപ്പോൾ വവ്വാലുകൾ നിലനിൽപ്പിനായി ഗ്രാമങ്ങളിലെത്തി രാപാർത്തു. വീട്ടുമുറ്റത്തെ വൃക്ഷങ്ങളിൽ അവർ അഭയം തേടി. അങ്ങനെ കാട്ടിലെ വവ്വാലിനെ നമ്മൾ നമ്മുടെ നശീകരണ പ്രവൃത്തികളിലൂടെ നാട്ടിലെത്തിച്ചു. ഒന്നുകൂടി ഓർക്കണം ഭക്ഷണ ക്ഷാമവും വീടു നഷ്ടവും ഏതൊരു മൃഗത്തേയും പോലെ വവ്വാലുകൾക്കും സമ്മർദ്ദമുണ്ടാക്കും. സമ്മർദ്ദം അവയുടെ രോഗ പ്രതിരോധശേഷിയിൽ കുറവു വരുത്തും. ഇത്തരം അവസ്ഥ വൈറസുകൾ അവയുടെ ശരീരത്തിൽ പെറ്റുപെരുകാനും പുറത്തേക്ക് വിസർജിക്കാനും പറ്റിയ അവസ്ഥയുണ്ടാക്കുന്നു. വീണ്ടുമൊരു കൊറോണ വൈറസ് കാലത്തും പരിസ്ഥിതിയെ കരുതാത്ത മനുഷ്യന്റെ പ്രവൃത്തികൾ മനുഷ്യ കുലത്തെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് മാറുന്നതെങ്ങനെയെന്നത് നേർക്കാഴ്ചയാകുന്നു.

Email: drsabingeorge10@gmail.com