രാജ്യത്താകമാനം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ നിരത്തുകൾ എല്ലാം വിജനമാണ്. മനുഷ്യരെല്ലാം വീടിനുള്ളിലും മൃഗങ്ങൾ എല്ലാം പുറത്തുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യരും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ അന്തരീക്ഷമലിനീകരണത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നോയിഡയിലെ നിരത്തിലൂടെ നീങ്ങുന്ന നീൽഗായിയും, കോഴിക്കോട് മേപ്പയൂർ അങ്ങാടിയിലൂടെ നടന്നു നീങ്ങുന്ന പുള്ളിവെരുകും കർണാടകയിലെ വീഥിയിലൂടെ നടന്നു നീങ്ങുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങളുമെല്ലാം കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ആണ് ഉത്തരാഖണ്ഡിലെ വിജനമായ വഴികളിലൂടെ നടക്കുന്ന മൂന്ന് സാംഫർ മാനുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഐ എഫ്‌ എസ് ഉദ്യോഗസ്ഥനായ സുസന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

വ്യാജ വിഡിയോ അല്ല എന്ന അടികുറിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. രാജാജി ദേശീയപാർക്കിനു സമീപമുള്ള ജനവാസമേഖലയിലാണ് രാത്രിയിൽ മാൻകൂട്ടം ഇറങ്ങിയത്. മൂന്ന് സംഫർ മാനുകളാണ് ഭക്ഷണം തേടി രാത്രിയിൽ നിരത്തിലിറങ്ങിയത്. മനുഷ്യരുടെയും വാഹനങ്ങളുടെയും ബഹളമൊന്നും ഇല്ലാത്തതിനാലാകണം ഇവ നിരത്തിലിറങ്ങിയതെന്നാണ് നിഗമനം. നിരത്തുകളിൽ പരിചിതമല്ലാത്ത ഈ വന്യമൃഗങ്ങളെ കണ്ട് നായകൾ കുരയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.