ഇരയെ പിടികൂടാനായി വലിയമരത്തിനു മുകളിൽ ചാടിക്കയറുന്ന പുള്ളിപ്പുലി വായുവിലൂടെ പുറകോട്ട് മലന്ന് കുതിച്ച് ചാടി ഇരയെ പിടികൂടുന്ന ദൃശ്യങ്ങളാണ് തരംഗമാകുന്നത്. ഒരു പാവം കുരങ്ങനെ പിടികൂടാനായിരുന്നു പുള്ളിപ്പുലിയുടെ തകർപ്പൻ ബാക്ക് ഫ്ലിപ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച പഴയ വിഡിയോ വൈറലാണ്.

പുള്ളിപ്പുലിയുടെ പിടിയിൽ നിന്നും രക്ഷപെടാനായി കൂറ്റൻ മരത്തിലാണ് കുരങ്ങൻ ചാടിക്കയറിയത്. പിന്നാലെയെത്തിയ പുളളിപ്പുലിയും അനായാസം മരത്തിലേക്ക് കയറി. കുരങ്ങനു പിന്നാലെ പുളളിപ്പുലിയെത്തിയതു കുരങ്ങൻ താഴേക്ക് ചാടി. പിന്നാലെ വായുവിൽ കരണം മറിഞ്ഞ് പുള്ളിപ്പുലിയും. നിമിഷങ്ങൾക്കകം കുരങ്ങന്റെ കഴുത്തിൽ പിടിമുറുക്കിയ പുളളിപ്പുലി ഇരയുമായി താഴേക്ക് ചാടി. എൻകൊവ നി എന്നു പേരുള്ള പുള്ളിപ്പുലിയാണ് കിടിലൻ ബാക്ക് ഫ്ലിപിലൂടെ കുരങ്ങനെ പിടികൂടിയത്. കുരങ്ങന്റെ കഴുത്തിൽ പിടിമുറുക്കി മരത്തിനു മുകളിൽ നിന്നും താഴെയെത്തിയ പുള്ളിപ്പുലി ഇരയുമായി കാട്ടിലേക്ക് മറഞ്ഞു.

കഴിഞ്ഞ ഡിസംബർ അവസാനം പുറത്തു വന്ന ദൃശ്യങ്ങൾ മാർച്ച് 28നാണ് സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൗത്ത് ആഫ്രിക്കയിലെ ലണ്ട ലോസി ഗെയിം റിസർ വിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. സ്റ്റെഫാനി മാക് കണൽ ആണ് ഈ ദ്യശ്യങ്ങൾ പകർത്തിയത്.