ലോകത്താകമാനം കോവിഡ് ഭീതിയിൽ ആദ്യം നിലച്ച വ്യവസായങ്ങളിൽ ഒന്നായിരുന്നു വിനോദസഞ്ചാര മേഖല. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മുഖ്യ ആകർഷകങ്ങളിലൊന്ന് മൃഗങ്ങളാണ്. പ്രത്യേകിച്ചും ആനകൾ. തായ്‌ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ആന സവാരിയാണ്. ഇതിനായി നിരവധി ആനകളെയാണ് വടക്കൻ തായ്‌ലൻഡിലെ ചിയാങ് മയിലുള്ള മേയ്സാ ആന ക്യാമ്പിൽ ഉപയോഗിച്ചിരുന്നത്.

ആനകളുടെ പുറത്ത് വലിയ തടികസേരകൾ കെട്ടിവെച്ചാണ് ആന സവാരിക്കായി ഉപയോഗിച്ചിരുന്നത്. 44 വർഷമായി ആനകളുടെ പുറത്തു ഈ തടിക്കസേരകൾ കെട്ടിവച്ചിരിക്കുക ആയിരുന്നു. ഒടുവിൽ കഴിഞ്ഞ മാർച്ച്‌ 25ന് ആദ്യമായി ആനകളുടെ പുറത്തുനിന്നും ഈ തടിക്കസേരകൾ അഴിച്ചുമാറ്റി. ജീവിതത്തിൽ ആദ്യമായി ആനകളുടെ പുറത്തുനിന്നു ഈ കസേരകൾ അഴിച്ചു നീക്കിയതിന്റെ ആശ്വാസത്തിലാണ്‌ മേയ്സാ ആനക്ക്യാമ്പിലെ ആനകൾ. 78 ഓളം ആനകളാണ് ഈ ക്യാമ്പിൽ ഉണ്ടായിരുന്നത്.

1976 ലാണ് മേയ്സാ ആനക്യാമ്പ് ആരംഭിച്ചത്. അന്നുമുതൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദമായിരുന്നു ആനസവാരി. കോവിഡ് ഭീതിയിൽ വിനോദസഞ്ചാര മേഖല നിലയ്ക്കുന്നവരെ അത് തുടർന്നു. കോവിഡ് പടർന്നതോടെ ഗവൺമെന്റ്  ക്യാമ്പ് അടയ്ക്കാൻ നിർദ്ദേശം നൽകി. അതോടെ ക്യാമ്പിൽ ഉണ്ടായിരുന്ന 78 ഓളം ആനകൾ തടികസേരയിൽ നിന്നും മോചിതരായി. 

ഇനി വിനോദ സഞ്ചാരത്തിനായി ക്യാമ്പ് തുറന്നാലും ആനകളെ സവാരിക്കായി ഉപയോഗിക്കില്ലെന്ന നിലപാടിലാണ് ക്യാമ്പ് ഡയറക്ടർ ആയ ഏഞ്ചലി കലാംപിചിത്. ഇവിടെ ഉള്ള ആനകളെ ഇനി ആനസവാരിക്ക് ഉപയോഗിക്കാതെ വിനോദസഞ്ചാരികൾക്കു അടുത്തുനിന്ന് കാണുവാനുള്ള അവസരമൊരുക്കാനാണ് ഇവരുടെ തീരുമാനം. ക്യാമ്പിലുള്ള 78 ആനകളുടെ പുറത്തും ഇനി തടികസേരകൾ കെട്ടിവെക്കില്ല എന്ന കടുത്ത നിലപാടിലാണ് ഇവർ.

എന്തായാലും ക്യാമ്പിലെ ആനകൾക്ക് ഇനി ആശ്വസിക്കാം. ജീവിതത്തിൽ ഒരിക്കലും തടിക്കസേരകളിൽ വിനോദസഞ്ചാരികളെയും പുറത്തേറ്റി അവയ്ക്കു അലയേണ്ടി വരില്ല.