തടാകക്കരയിലെത്തിയ കൂറ്റൻ മുതലയെ ആക്രമിച്ച സിംഹക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലുള്ള സാബി സാൻഡ് മേഖലയിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. 61 കാരനായ വെർണൻ ക്രെസ്‌വെൽ ആണ് ദൃശ്യങ്ങൾ പകർത്തിയത്. സാബി സാൻഡ് മേഖലയിലെ അറിയപ്പെടുന്ന സിംഹക്കൂട്ടത്തെ ഏറെ നേരമായി പിന്തുടരുകയായിരുന്നു വെർണൻ ക്രെസ്‌വെൽ. മുതലയ ആക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇവ മാൻവർഗത്തിൽ പെട്ട ജീവിയെ വേട്ടയാടി കൊന്നു ഭക്ഷിച്ചിരുന്നു.

സിംഹക്കൂട്ടം ഭക്ഷിച്ച ശേഷം മിച്ചം വന്ന ഇരയുടെ ശരീരഭാഗങ്ങൾ ജലാശയത്തിന് 100 മീറ്റർ മാറി ഉപേക്ഷിച്ചിരുന്നു. ഈ ശരീരഭാഗങ്ങളുടെ ഗന്ധം തിരിച്ചറിഞ്ഞാകാം മുതല ജലാശയത്തിനു പുറത്തേക്കിറങ്ങിയത്. എന്നാൽ തീരത്തേക്കു കയറിയ മുതലയെ കണ്ട് കൂട്ടത്തിലുണ്ടായിരുന്ന സിംഹക്കുട്ടികൾക്ക് കൗതുകം തോന്നി. 9 സിംഹക്കുട്ടികളടങ്ങിയ സംഘം ആദ്യം മുതലയുടെ സമീപത്തേക്ക് പോയി. ഇതുകണ്ട മുതിർന്ന സിംഹങ്ങളും മുതലയുടെ നീക്കങ്ങൾ നീരീക്ഷിച്ചു.

മുതിർന്ന സിംഹങ്ങളും അടുത്തേക്കെത്തിയതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മുതലയ്ക്കും മനസ്സിലായി. ഇതോടെ കൂറ്റൻ വായ തുറന്ന് മുതലയും സിംഹക്കൂട്ടത്തിനു നേർക്കു തിരിഞ്ഞു. സിംഹങ്ങളിലൊന്ന്  മുതലയെ ആക്രമിച്ചതോടെ പ്രത്യാക്രമണത്തിനു മുതിരാതെ മുതല ജലാശയത്തിലേക്കു മടങ്ങി.

English Summary: Cornered Crocodile is Forced to Attack Lions