കോഴിക്കോട്ട് നഗര മധ്യത്തിലെ ബിലാത്തിക്കുളം ഹൗസിങ് കോളനിക്ക് സമീപം പ്രഭാത സവാരിക്ക് ‍ ഇറങ്ങിയവർക്ക് മുന്നിലുടെ റോഡ് മുറിച്ചു കടക്കുന്ന പെൺ മയിൽ. ലോക് ഡൗൺ നീളുന്നതോടെ വനത്തിനോട് ചേർന്നും ഗ്രാമാന്തരങ്ങളിലെ ചെറു കുറ്റിക്കാടുകളിലും മാത്രം കണ്ടിരുന്ന പക്ഷികളും മൃഗങ്ങളുമൊക്കെ നാട്ടിലേക്കും നഗരത്തിലേക്കും ഇറങ്ങുകയാണ്. പറന്പുകളിലേക്ക് ഇറങ്ങി നടന്നും ഒരാ മതിൽക്കെട്ടും ചാടിക്കടന്നും  ഈ മയിൽ പറന്നു, നായ്ക്കളും വലിയ പൂച്ചയും മയിലിനെ പേടിപ്പിക്കാനായി പിന്നാലെയും.  

കഴിഞ്ഞ ആഴ്ചയാണ് മുന്നിലെ പറമ്പിലെ പച്ചപ്പിൽ തീറ്റ തേടിയെത്തിയ കോഴികളുടെ പടം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്,   ‘‘ മലിലൊന്നും അല്ലെങ്കിലും ലോക്‌ഡൗണിനെത്തുടർന്ന് ബിലാത്തിക്കുളത്തെ വീട്ടു വളപ്പിൽ കണ്ട് തുടങ്ങിയ പക്ഷിക്കൂട്ടം എന്നു പറഞ്ഞായിരുന്നു പിടയുമൊത്തുള്ള പുവന്റെ തലയെടുപ്പുള്ള നടപ്പിലെ സന്തോഷം രേഖപ്പെടുത്തിയത്. നഗര മധ്യത്തിലെ ഹൗസിങ് കോളനി സമുച്ചയത്തിലേക്ക് മയിൽ എത്താനുള്ള വിദൂര സാധ്യത പോലുമില്ലാത്തതിനാലാണ് അങ്ങനെ എഴുതിയത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്താവാം ഈ  പെൺ മയിലിൽ പറന്നിറങ്ങിയത്.

രാവിലെ ആറിന് ഗേറ്റ് ആരോ പിടിച്ച് കൂലുക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. രാത്രി വൈകി  കിടന്നതിനാൽ ഒരു എട്ടു മണി വരെയെങ്കിലും ഉറങ്ങണമെന്ന ആഗ്രഹത്തെ ആരാണ് നശിപ്പിച്ചത് എന്ന ഈർഷ്യയോടെ ജനൽ തുറന്ന് താഴേക്ക് നോക്കിയപ്പോൾ അടുത്ത വീട്ടിലെ പ്രായമായ ദമ്പതികളാണ് എന്നെ വിളിച്ചുണർത്താൻ ശ്രമിച്ചത്.

ഒരു മയിൽ അടുത്ത വീടിന്റെ ഓടിനു മുകളിൽ പറന്നു കുറെ നേരമിരുന്നു, അപ്പോഴാണ് നിങ്ങളോട് പറയാമെന്ന് കരുതിയത്. പിന്ന പറന്ന് ബിലാത്തിക്കുളം ഹൗസിങ് കോളനിയിടെ മൂന്നാം നിലയിലേക്ക് പറന്നു കയറിയെന്നും അദ്ദേഹം വിരൽ ചൂണ്ടി. മുഖം പോലും കഴുകാതെ ക്യാമറയെടുത്ത് ഞാൻ താഴേക്കിറങ്ങി.

മൺപാതയിലുടെ റോഡിലേക്ക് നടന്നു. കിഴക്ക് ഭാഗത്തേക്ക് കോളനി കെട്ടിടത്തിന്റെ ഭാഗത്തേക്ക് നടന്നു നോക്കിയെങ്കിലും ലക്ഷണമൊന്നുമില്ല. എതിർ വശത്തായി എ.എസ്. നായർ പാർക്കിനു സമീപം കാക്കകളുടെ കൂട്ടക്കരച്ചിൽ കേൾക്കുന്നു, അങ്ങോട്ടേക്ക് തിരിഞ്ഞു നടന്നു. മഴക്കാറുള്ളതിനാൽ റോഡിൽ വെളിച്ചക്കുറവുണ്ട്. എതിരെ വന്ന നടത്തക്കാരനോട് മയിലിനെ കണ്ടോ എന്നു ചോദിച്ചെങ്കിലു ചെവിയിലെ ഹെഡ് ഫോൺ മാറ്റി ഇല്ല എന്നു പറഞ്ഞയാൾ കടന്നു പോയി.

വീണ്ടും മുന്നോട്ട് നടന്നു. മയിൽ അതാ ദൂരെ റോഡിലൂടെ നടക്കുന്നു. ബിലിത്തിക്കുളം ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് കയറി . പിന്നിലായി പ്രഭാത സവാരിക്കാരുണ്ട്. ഒന്നു നിന്നിട്ട് അടുത്ത മതിലിനു മുകളിലേക്ക് ചാടിക്കയറി, തൊട്ടു പിന്നാലെയതാ ഒരു കാട്ടുപൂച്ച എന്നു തോന്നിക്കുന്ന ജീവി പാഞ്ഞടുക്കുന്നു. ഇതിനിടെ മങ്ങിയ വെളിച്ചത്തിൽ ദൂരെ നിന്ന് രണ്ട് ചിത്രമെടുത്തു, മയിൽ പോയ ശേഷമാണ് പൂച്ച ഫ്രെയിമിലേക്ക് വന്നത്. മയിലിന്റെ പറക്കലും റോഡിലെ ആൾ പെരുമാറ്റവും കണ്ട് പൂച്ചയും പിന്നാലെയെത്തിയ നായ്ക്കളും സ്ഥലം വിട്ടു. 

ഞാൻ മയിലിനു പിന്നാലെയും, മതിലിനു മുകളിൽ നിന്ന് താഴെയിറങ്ങി നടക്കുന്ന കണ്ട് ആ വീട്ടുവളപ്പിലേക്ക് കയറാൻ നോക്കിയെങ്കിലും ഗേറ്റ് അകത്തു നിന്ന് പൂട്ടിയിട്ടിരിക്കയായിരുന്നു. സൈഡിലെ റോഡിൽ മാസ്ക് ധരിച്ചൊരു ചേച്ചി മാവിലകൾ അടിച്ച് കൂട്ടി കത്തിക്കുന്നു. മയിലതാ പിന്നിലെ മതിലിന് മുകളിൽ. പടമെടുത്തു കൊണ്ടിരിക്കുമ്പോൾ പറന്ന് അടുത്ത വീടിന്റെ മതിലിനു മുകളിലേക്ക് പറക്കുന്നു. പിന്നെയും നിലത്തിറങ്ങി തീറ്റ തേടുന്ന പോലെ നടക്കുന്നു. കാണാത്ത വലിയ പക്ഷിയെക്കണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ട് പൂവൻ കോഴിയും പിന്നാലെ. തുറന്നു കിടന്ന ഗേറ്റു വഴി ഞാനാ പുരയിടത്തിലേക്ക് കടന്ന് ചിത്രങ്ങളെടുത്തു, വീട്ടുകാരെ ശല്യം ചെയ്യാതെ.  മയിൽ പിന്നെയും മതിലുകൾ  ചാടിക്കടന്ന് പറന്നു മറഞ്ഞു.