കുരങ്ങന്‍മാർ ബഹളം കൂട്ടുമ്പോഴറിയാം അത് ശത്രുക്കൾ അടുത്തെത്തുമ്പോഴുള്ള അപായ സൂചനയാണെന്ന്. ഈ ബഹളം കേട്ടാണ് സൗത്ത് ആഫ്രിക്കയിലെ സാബി സാബി ബുഷ് ലോഡ്ജിലെ ഗൈഡായ ബ്രെറ്റ് ഹീസ്മാനും സംഘവും ക്യാമറയുമായി പുറത്തേക്കിറങ്ങിയത്. ലോഡ്ജിനു മുന്നിലായി കുറ്റിച്ചെടികൾ മാത്രം പടർന്നു കിടക്കുന്ന സ്ഥലത്ത് ശ്രദ്ധിച്ചപ്പോഴാണ് അവിടേക്കെത്തുന്ന ചീറ്റ ശ്രദ്ധയിൽ പെട്ടത്.

ഏറെ കഷ്ടപ്പെട്ടു വേട്ടയാടിയ ഇമ്പാലയേയും കടിച്ചുപിടിച്ചാണ് ചീറ്റയെത്തിയത്. ഇരയെ സ്വസ്ഥമായിരുന്നു ഭക്ഷിക്കാൻ ഇടം തേടിയെത്തിയ ചീറ്റ പുൽമേട്ടിൽ ഇരയെ വച്ച് ചുറ്റും ഒന്ന് വീക്ഷിച്ചു. സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാമെന്നുറപ്പ് വരുത്തിയ ശേഷം ഇരയെ പതുക്കെ ഭക്ഷിക്കാൻ തുടങ്ങി. അൽപസമയത്തിനകം തന്നെ കഴുകൻമാരുടെ കൂട്ടം അവിടെയെത്തി ചീറ്റയെ വളഞ്ഞു. ചീറ്റയുടെ ഇരയായിരുന്നു കഴുകൻമാരുടെയും ലക്ഷ്യം.

ചീറ്റ ഓരോ തവണ ഭക്ഷണം വായിലാക്കാൻ തിരിയുമ്പോഴും കഴുകൻമാർ കൂടുതൽ അടുത്തേക്കെത്തി. ഓരോ തവണയും ചീറ്റ കഴുകൻമാരെ തുരത്താൻ ശ്രമിച്ചെങ്കിലും അവ വീണ്ടും ഭക്ഷണത്തെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്കെത്തി. ഒടുവിൽ കഴുകൻമാരുടെ ശല്യം സഹിക്കാനാവാതെ ചീറ്റ ഇരയെ അവിടെയുപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു.

ചീറ്റയുടെ പിടിയിൽ നിന്നും തട്ടിയെടുത്ത ഇരയെ കഴുകൻമാർ കൂട്ടം ചേർന്ന് ഭക്ഷിക്കുന്നതിന്റെ ബഹളം കേട്ടാണ് ഒരു സിംഹം അവിടേക്കെത്തിയത്. കുതിച്ചെത്തിയ സിംഹം നിമിഷങ്ങൾക്കകം കഴുകൻമാരുടെ ഭക്ഷണം കൈക്കലാക്കി ഓടിമറഞ്ഞു. പിന്നീട് പൊന്തക്കാടിനുള്ളിൽ മറഞ്ഞിരുന്ന് ഭക്ഷിച്ചു. ഇമ്പാലയെ കഷ്ടപ്പെട്ട് വേട്ടയാടിയത് ചീറ്റയാണെങ്കിലും ഭക്ഷിച്ചത് സിംഹമാണ്. മെയ് ആദ്യവാരമാണ് സംഭവം നടന്നത്. ഭക്ഷണത്തിനായുള്ള പോരാട്ടമെന്നാണ് ബ്രെറ്റ് ഹീസ്മാനും സംഘവും സംഭവത്തെ വിശേഷിപ്പിച്ചത്. 

English Summary: Lion Steals from Vultures that Stole from Cheetah