അബദ്ധത്തിൽ കിണറിനുള്ളിൽ അകപ്പെട്ട കരടികളെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള സലേകസാ വനപരിധിയിലാണ് സംഭവം. സ്ലോത്ത് വിഭാഗത്തിൽ പെട്ട കരടികളാണ് കിണറിനുള്ളിൽ അകപ്പെട്ടത്.

സംഭവമറിഞ്ഞെത്തിയ വനപലകരാണ് കിണറിനുള്ളിൽ നിന്നും കരടികളെ രക്ഷപെടുത്തിയത്. ആഴമേറിയ കിണറിനുള്ളിലേക്ക് ഏണിയിറക്കിയാണ് കരടികളെ രക്ഷിച്ചത്. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് കരടികളും കരകയറിയത്. കരടികൾ കിണറിനുള്ളിൽ അകപ്പെട്ടതറിഞ്ഞ് പ്രദേശവാസികളും തടിച്ചു കൂടിയിരുന്നു. രക്ഷപെടുത്തിയ കരടികളെ കാട്ടിലേക്ക് സ്വതന്ത്രമാക്കിയതായി വനം വകുപ്പ് വ്യക്തമാക്കി.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 41 സെക്കൻഡ് ദൈർഖ്യമുള്ള രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ  പങ്കുവച്ചത്. കൊറോണ ഉംപുൻ ഭീതിക്കിടയിലും ഇത്തരം വാർത്തകൾ ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

English Summary: Two bears rescued from well in Maharashtra