വീര്യമേറിയ വിഷമുള്ള പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ട് തന്നെ ആളുകൾക്കെല്ലാം പാമ്പിനെ ഭയവുമാണ്. ഭൂരിഭാഗം ആളുകളും മൂർഖൻ പാമ്പിനെ കണ്ടാൽ ജീവനും കൊണ്ടോടുകയാണ് പതിവ്.എന്നാൽ യാതൊരു പേടിയുമില്ലാതെ വിഷപ്പാമ്പിന്റെ വാലിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി വലിച്ചെറിയുന്ന വൃദ്ധയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലെവിടെയോ നടന്ന സംഭവമാണിത്.

പാമ്പുകളെ കൊല്ലരുത്

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്.

വിഷമുള്ള പാമ്പുകളിൽ നിന്നാണ് കാൻസറിനടക്കം 70 ശതമാനം മരുന്നുകളും തയാറാക്കുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 32 ശതമാനം രോഗങ്ങളും പരത്തുന്നത് എലികളാണ്. പാമ്പുകളുടെ പ്രധാന ഭക്ഷണവും എലികളാണ്. എലികളുടെ എണ്ണം വർധിച്ചാൽ രോഗങ്ങൾ കൂടും. എലികളുടെ എണ്ണം കുറഞ്ഞാൽ കൃഷി നശിപ്പിക്കുന്നതിലും കുറവുണ്ടാവും. അടുത്ത തലമുറയിലെ മനുഷ്യർക്കു കാണുന്നതിനു പാമ്പുകൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട്.

English Summary: Elderly woman dragging cobra by tail and throwing it goes viral