വീടു നിറയെ പൂച്ചകളെ വളർത്തി ഒരു കുടുംബം. കാവുംമന്ദം കാലിക്കുനി മടയകുന്നേൽ തങ്കച്ചനും കുടുംബവും വീട്ടിൽ വളർത്തുന്നത് 42 പൂച്ചകളെ. അവയ്ക്ക് മികച്ച ഭക്ഷണവും ചികിത്സയും മുടങ്ങാതെ നൽകുന്നുണ്ട്. ഇവയ്ക്ക് അസുഖം വന്നാൽ ഡോക്ടറെ കാണിക്കും. 5 വർഷം മുൻപ് ആണ് കർഷകനും ചെറുകിട കച്ചവടക്കാരനും ആയ തങ്കച്ചൻ പൂച്ച വളർത്തൽ തുടങ്ങിയത്. ടൗണിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾ അപകടങ്ങളിൽപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണൂ പൂച്ചകളെ സംരക്ഷിച്ചു തുടങ്ങിയത്.

അതോടെ എവിടെ കണ്ടാലും വീട്ടിലേക്കു കൂട്ടിക്കൊണ്ട് വരും. ഇവയ്ക്ക് ഏറെ ഇഷ്ടമുള്ള കോഴിയിറച്ചി വിഭവങ്ങളാണ് പ്രധാനമായും ഒരുക്കുന്നത്. മൃഗ സംരക്ഷണ വകുപ്പ് അധികൃതർ എല്ലാ സഹായവും ചെയ്യാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യ ജിജി, മക്കളായ സെബിൻ, ആൽബിൻ എന്നിവരും വീട്ടിലെ പൂച്ച വളര്‍ത്തലില്‍ സന്തോഷത്തിലാണ്.