രാവിലെ ഉറക്കമുണർന്ന വീട്ടമ്മ കണ്ടത് വീടിനു മുന്നിൽ കടിപിടികൂടുന്ന കൂറ്റൻ മുതലകളെ. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. സൂസൻ ജെഷെൽ ആണ് രാവിലെ കാപ്പികുടിക്കുന്നതിനിടയിൽ മുൻവാതിലിനു മുന്നിൽ അസാധാരണ ശബ്ദം കേട്ട് അവിടേക്കു ചെന്നത്.

മുൻവാതിലിനു സമീപമെത്തിയ സൂസൻ പുറത്തു നടക്കുന്ന കാഴ്ച കണ്ട് ഞെട്ടി. രണ്ട് കൂറ്റൻ മുതലകൾ തമ്മിലുള്ള കനത്ത പോരാട്ടമാണ് അവിടെ നടന്നത്. ഉടൻതന്നെ സൂസൻ അപൂർവ സംഭവം ക്യാമറയിൽ പകർത്തി. രണ്ട് മുതലകളും കടിപിടി കൂടുന്നതും വാലുവച്ച് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.

15 വർഷമായി ഇവിടെയാണ് സൂസൻ താമസിക്കുന്നത്. എന്നാൽ ഇതിനു മുൻപ് ഒരിക്കൽ പോലും പ്രദേശത്ത് മുതലകളെ കണ്ടിട്ടില്ല. മുതലകളെ കണ്ടതായി ഫ്ലോറിഡയിലെ വനം വകുപ്പ് അധികൃതരെ സൂസൻ വിവരമറിയിച്ചിട്ടുണ്ട്.  20 മിനിട്ടോളം പോരാട്ടം തുടർന്ന  മുതലകളിൽ ഒന്ന് ഒടുവിൽ  സമീപത്തെ പറമ്പിലേക്ക് കയറിപ്പോയി. മറ്റൊന്ന് വീടിനു പുറത്തുള്ള കുളത്തിലേക്കും മടങ്ങിയതായി സൂസൻ വ്യക്തമാക്കി. സൂസനാണ് മുതലകളുടെ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധിയാളുകളാണ് ഈ ദൃശ്യങ്ങൾ ഇതുവരെ കണ്ടത്.

English Summary: Woman Finds Two Alligators Fighting Outside Her Front Door