വാവാ സുരേഷ് പിടികൂടുന്ന 193–ാമത്തെ രാജവെമ്പാല പത്തനംതിട്ട കൂത്താടിമണ്ണിൽ നിന്ന്. കൂത്താടിമൺ – മേടപ്പാറ വടക്കേക്കര റോഡിൽ വാലുമണ്ണിൽ സൈമണിന്റെ പറമ്പിലെ കൊക്കോ മരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി രാജവെമ്പാലയെ കണ്ടത്. 3 വയസ്സുള്ള പെൺ വർഗത്തിൽപ്പെട്ട രാജവെമ്പാലയ്ക്ക് 10 അടിയോളം നീളമുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ തന്നെ കോന്നിക്ക് അടുത്ത് കുമ്മണ്ണൂരിൽ നിന്ന് മേയ് 22 നാണ് 192 മത്തെ രാജവെമ്പാലയെ പിടികൂടിയയത്.

പിടികൂടിയ പാമ്പിനെ ആലുവാംകുടി ഉൾവനത്തിൽ തുറന്നുവിട്ടു.തണ്ണിത്തോട് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.ഗിരിയുടെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ.എസ്. മനോജ്, ആർ.സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ, കൃഷ്ണപ്രിയ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തുണ്ടായിരുന്നു.മുൻപ് പഞ്ചായത്തിലെ ഏഴാംതല, പൂച്ചക്കുളം, തൂമ്പാക്കുളം, കരിമാൻതോട്, കെകെപാറ പ്രദേശങ്ങളിൽ നിന്ന് രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടിയിട്ടുണ്ട്.