പിടികൂടിയ കുട്ടിക്കുരങ്ങനെ കാണിച്ച് മുതിർന്ന കുരങ്ങൻമാരെ അടുത്തേക്ക് ആകർഷിക്കുന്ന പുള്ളിപ്പുലിയുടെ തന്ത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കുട്ടിക്കുരങ്ങനെ രക്ഷിക്കാൻ അരികിലേക്കെത്തുന്ന മുതിർന്ന കുരങ്ങൻമാരായിരുന്നു പുള്ളിപ്പുലിയുടെ ലക്ഷ്യം. വന്യജീവി ഫൊട്ടോഗ്രഫറായ തോമസ് റെട്ടെറാത് ആണ് അപൂർവ ചിത്രങ്ങൾ പകർത്തിയത്. ബോട്‌സ്വാനയിലെ ഒക്കാവാങ്കോയിലാണ് സംഭവം നടന്നത്.

Image Credit: Thomas Retterath

സഫാരിക്കിടയിലാണ് തോമസ് റെട്ടെറാതും സംഘവും പുള്ളിപ്പുലിയുടെ ഒപ്പമുള്ള കുട്ടിക്കുരങ്ങനെ ശ്രദ്ധിച്ചത്. സാരധാരണ ഇരകളെ പിടികൂടിയാൽ ഉടൻ കൊല്ലുകയാണ് പുള്ളിപ്പുലികളുടെ പതിവ്. ഇവിടെ അതിനു വിരുദ്ധമായി കുട്ടിക്കുരങ്ങനെ ജീവനോടെ കൊണ്ടുനടക്കുന്ന പുള്ളിപ്പുലിയെയാണ് കണ്ടത്. പൂച്ചകൾ ഇരകളെ കിട്ടിയാൽ കൊല്ലുന്നതിനു മുൻപ് തട്ടിക്കളിക്കുന്നതിനു സമാനമായിരുന്നു കുട്ടിക്കുരങ്ങന്റെ അവസ്ഥ. ഇടയ്ക്ക് പുള്ളിപ്പുലി സ്വന്തം കുഞ്ഞുങ്ങളെ തൂക്കിയെടുത്തു നടക്കുന്നതു പോലെ കുട്ടിക്കുരങ്ങനെ പോറൽ പോലുമേൽക്കാതെ  കൊണ്ടുനടക്കുന്നുമുണ്ടായിരുന്നു. 

കുട്ടിക്കുരങ്ങനെ ഇരയാക്കി മുതിർന്ന കുരങ്ങുകളെ അടുത്തേക്കെത്തിക്കുകയായിരുന്നു പുള്ളിപ്പുലിയുടെ ലക്ഷ്യം. എന്നാൽ വെർവെറ്റ് വിഭാഗത്തിൽ പെട്ട കുരങ്ങൻമാർ ഒന്നു പോലും പുള്ളിപ്പുലിയുടെ തന്ത്രത്തിൽ വീണില്ല. കുട്ടിക്കുരങ്ങനെ വിധിക്ക് വിട്ടുകൊടുത്ത് മുതിർന്ന കുരങ്ങൻമാർ മാറിയിരുന്നു സംഭവങ്ങൾ വീക്ഷിച്ചതേയുള്ളൂ. ഒരു കുരങ്ങു പോലും കുട്ടിക്കുരങ്ങനെ രക്ഷിക്കാനായി പുള്ളിപ്പുലിയുടെ അരികിലേക്കെത്തിയില്ല. 30 മിനിട്ടോളം തോമസ് റെട്ടെറാതും സംഘവും പുള്ളിപ്പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇവർ സംഭവ സ്ഥലത്തു നിന്നും മടങ്ങുന്നതു വരെയും കുട്ടിക്കുരങ്ങനെ പുള്ളിപ്പുലി കൊന്നിട്ടില്ലെന്നും വ്യക്തമാക്കി.

English Summary: Leopard Uses Captured Baby Monkey As Bait