കാടിന്റെ നിയമങ്ങൾ വന്യമാണ്. നൊമ്പരപ്പെടുത്തുന്ന പല ദൃശ്യങ്ങളും അവിടെ കാണേണ്ടി വരും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. വിശപ്പകറ്റാൻ വേട്ടയാടുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ വേട്ടയാടിയ കൂറ്റൻ ജിറാഫിനെ സിംഹക്കൂട്ടം ഭക്ഷിക്കുന്നതാണ് സഫാരിക്കിറങ്ങിയ ലോഡ്ജ് ഉടമയായ മാർക്കും സംഘവും കണ്ടത്.

ജൂൺ 10ന് രാവിലെ ആറരയോടെയാണ് മാർക്കും സംഘവും  സഫാരിക്കിറങ്ങിയത്. ഇവരെത്തുമ്പോൾ സിംഹക്കൂട്ടം ജിറാഫിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതേ ഉണ്ടായിരുന്നുള്ളൂ. 7 ആൺ സിംഹങ്ങൾ ഊഴമനുസരിച്ച് ജിറാഫിനെ ഭക്ഷിക്കുന്നത് സംഘം നേരിട്ടു കണ്ടു. വേട്ടയാടിയ പെൺ സിംഹങ്ങളും സമീപത്തുണ്ടായിരുന്നു. ജിറാഫിന്റെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തിയ കഴുതപ്പുലികളുടെ സംഘത്തെ തുരത്തുന്ന കാട്ടാനയും ദൃശ്യത്തിലുണ്ട്.

പിന്നീടെത്തിയ രണ്ട് ആൺ സിംഹങ്ങളും ഒരു പെൺസിംഹവും ജിറാഫിനെ ഭക്ഷിച്ചു മടങ്ങിയ ശേഷമാണ് മറ്റൊരു സംഭവം സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഒടുവിലെത്തിയ ആൺസിംഹം ജിറാഫിന്റെ വയറിനുള്ളിൽ നിന്നും വലിച്ചെടുത്തത് ഗർഭാവസ്ഥയിലുള്ള ജിറാഫിന്റെ കുഞ്ഞിനെയായിരുന്നു. അപ്പോൾ മാത്രമാണ് ഗർഭിണിയായ ജിറാഫിനെയാണ് സിംഹക്കൂട്ടം ഇരയാക്കിയതെന്ന് മാർക്കിനും സംഘത്തിനും മനസ്സിലായത്. കുഞ്ഞ് ജിറാഫിനെയും കടിച്ചുവലിച്ച് സിംഹം കാടിനുള്ളിലേക്ക് മറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകുന്നേരം അഞ്ചരയായപ്പോഴേക്കും ജിറാഫ് കിടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ ഭക്ഷിക്കാന്‍ ഏതാനും കഴുകൻമാർ മാത്രമാണ് അവശേഷിച്ചതെന്നും സംഘം വ്യക്തമാക്കി.

English Summary: Lion Pulls Out Baby Giraffe From Mother