അപകടകാരികളല്ലാത്ത മൃഗങ്ങളുടെ ഗണത്തിലാണ് വിനോദസഞ്ചാരത്തിനെത്തുന്ന സഞ്ചാരികൾ ജിറാഫിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ പുൽമേടുകളിൽ മേയുന്ന ജിറാഫുകളെ നിശ്ചിത അകലത്തിൽ നിർത്തിയിട്ട വാഹനങ്ങളിലിരുന്ന് കാണുകയും ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പകർത്തുകയും ചെയ്യാറുണ്ട്. എന്നാൽ വിനോദസഞ്ചാരികളുടെ വാഹനത്തെ ആക്രമിക്കാനായി പിന്തുടരുന്ന ജിറാഫിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിനോദ സഞ്ചാരികളുടെ സഫാരി വാഹനത്തിന്റെ പിന്നാലെ ദേഷ്യത്തോടെ പായുന്ന ജിറാഫിനെ വിഡിയോയിൽ കാണാം. ശക്തമായി തൊഴിച്ചാണ് ജിറാഫ് എതിരാളികളെ നേരിടുന്നത്. ഒറ്റ തൊഴിക്ക് ആളുകളെ നിലത്തിടാൻ ജിറാഫിനു കഴിയും. അതുപോലെ തന്നെ അതിവേഗത്തിൽ ഓടാനുള്ള കഴിവും ഇവയ്ക്കുണ്ട്.  ആക്രമിക്കാൻ സഫാരി ജീപ്പിന്റെ പിന്നാലെയെത്തുത്ത ജിറാഫിനെ കണ്ട് ഡ്രൈവർ പരമാവധി വേഗത്തിൽ ജീപ്പോടിച്ചെങ്കിലും ജിറാഫ് വാഹനത്തെ മറികടന്ന് മുന്നിലെത്തി.

വാഹനത്തിനു മുന്നിലായി തടസ്സം സൃഷ്ടിച്ച് നിന്ന ജിറാഫ് വാഹനത്തിനു നേരേ വന്നതോടെ ഡ്രൈവർ പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ പിന്നീട് വിനോദസഞ്ചാരികളുടെ സംഘത്തിന് എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ആഫ്രിക്കയിലെ സംരക്ഷിത വനപ്രദേശത്ത് നടന്ന സംഭവത്തിന്റെ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Ever seen giraffe chase a car, catch up and charge towards it?