വ്യത്യസ്ത വർഗങ്ങളിൽപെട്ട  ജീവികൾ തമ്മിൽ സൗഹൃദത്തിലാകുന്ന കഥകളേറെയുണ്ട്. അപൂർവമായ അത്തരം ഒരു സൗഹൃദത്തെക്കുറിച്ചുള്ള വാർത്തയാണ്  ഇപ്പോൾ ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഗണ്ണർ എന്ന നായയും ഡെൽറ്റ എന്ന ഡോൾഫിനും തമ്മിലാണ് അപൂർവ ചങ്ങാത്തം. ഇവരുടെ സൗഹൃദത്തിന് ആറു വർഷത്തെ പഴക്കമുണ്ട്.

ഗണ്ണറിന് എട്ട് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് ഡെൽറ്റയുമായുള്ള ആത്മബന്ധം. അന്ന് ഡെൽറ്റക്ക് നാല് വയസ്സായിരുന്നു പ്രായം. ഫ്ലോറിഡ കീയ്സിലുള്ള ഡോൾഫിൻ റിസർച്ച് സെന്ററിലാണ് ഇരുവരും  കണ്ടുമുട്ടിയത്. അവിടത്തെ ഒരു ഉദ്യോഗസ്ഥന്റെ വളർത്തു നായയാണ് ഗണ്ണർ. വെള്ളത്തിന് പുറത്തേക്കു തലയിട്ട സമയത്താണ് ഡെൽറ്റ ആദ്യമായി നായക്കുട്ടിയെ കാണുന്നത്. കണ്ടമാത്രയിൽ തന്നെ സൗഹൃദത്തിലായ ഇരുവരും മുഖം ഉരസുന്ന ചിത്രങ്ങൾ റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ പകർത്തിയിരുന്നു.

ഇപ്പോൾ ആറു വർഷത്തിനു ശേഷം ഇരുവരും അതേ രീതിയിൽ സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഡോൾഫിൻ റിസർച്ച് സെന്റർ പുറത്തുവിട്ടിരിക്കുന്നത്. ഡൽറ്റയ്ക്ക് 10 വയസ്സും ഗണ്ണറിന് ഏഴു വയസ്സുമാണ് ഇപ്പോഴത്തെ പ്രായം. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ഗണ്ണർ ഡൽറ്റയെ നക്കി സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിൽ സൗഹൃദ നിമിഷങ്ങൾ പങ്കിടുന്ന മറ്റു ചിത്രങ്ങളും ഇപ്പോൾ സംഘടന പുറത്തുവിട്ടിട്ടുണ്ട്.

English Summary: Drop Everything And Look At This Dog Meeting His Best Friend, A Dolphin