കുത്തനെയുള്ള ഇറക്കമിറങ്ങുകയെന്നത് ആനകളെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ബലം പിടിച്ച് ഇറക്കമിറങ്ങാനൊന്നും ആനകളെ കിട്ടില്ല. അങ്ങനെയുള്ള സന്ദർഭങ്ങൾ ഇരുന്നും കിടന്നും നിരങ്ങിയുമൊക്കെയാണ് ആനകൾ താഴെയെത്തുക.

ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.കുത്തനെയുള്ള കയറ്റത്തിനു മുകളിൽ നിൽക്കുന്ന ആന പിൻകാലുകൾ മടക്കി മുൻ കാലുകൾ നീട്ടി വച്ച് ഊർന്നിറങ്ങുന്നത് ദൃശ്യത്തിൽ കാണാം. മണ്ണിലൂടെ തെന്നി നീങ്ങുന്ന ആനയുടെ ദൃശ്യം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ഇറക്കത്തിലൂടെ നിരങ്ങിയിറങ്ങുന്ന ആനക്കുട്ടികളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയതിനു പിന്നാലെയാണ് ഈ ദൃശ്യവും പുറത്തുവന്നിരിക്കുന്നത്.