ഓസ്ട്രേലിയയിലെ ഒരു വനപ്രദേശത്ത് ആഴമുള്ള കുഴിയിൽ വീണ കങ്കാരുവിന് തുണയായത് മൃഗസംരക്ഷണ പ്രവർത്തകർ. ഏഴു മീറ്ററിലധികം താഴ്ചയുള്ള കുഴിയിലാണ് അബദ്ധത്തിൽ കങ്കാരു വീണത്. കുഴിയുടെ താഴെയുള്ള ഭാഗം ഇടുങ്ങിയതായതിനാൽ പുറത്തു കടക്കാൻ ഒരു മാർഗവുമില്ലാതെ കഷ്ടപ്പെട്ട കങ്കാരുവിനെക്കുറിച്ചറിഞ്ഞ ഫൈവ് ഫ്രീഡംസ് ആനിമൽ റെസ്ക്യൂ എന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സാഹചര്യങ്ങൾ പരിശോധിച്ച് കങ്കാരുവിനെ മയക്കുവെടിവെച്ച് മയക്കിയ ശേഷമാണ് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മൃഗസംരക്ഷണ സംഘത്തിലെ ഒരാൾ മരത്തിൽ കയർ കെട്ടിയ ശേഷം സ്വന്തം ശരീരവുമായി അത് ബന്ധിച്ചു കുഴിയിലേക്കിറങ്ങി. കങ്കാരുവിന് മുറിവുകൾ ഉണ്ടാകാതിരിക്കാൻ  സുരക്ഷിതമായി രണ്ടു ബാഗുകൾ കൊണ്ട് മൂടി. അതിനുശേഷം ബാഗിൽ കയർ ബന്ധിച്ചു വലിച്ച്  പുറത്തെടുക്കുകയായിരുന്നു .

ഫൈവ് ഫ്രീഡംസ് ആനിമൽ റെസ്ക്യൂ എന്ന സംഘത്തിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് കങ്കാരുവിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കങ്കാരു കുഴിയിൽ വീണിട്ട് അധിക ദിവസങ്ങളായിരുന്നില്ല. അതിനാൽ അതിന്റെ ആരോഗ്യ നില തൃപ്തികരമാണ്.  ഭാഗ്യംകൊണ്ട് മാത്രമാണ്  കങ്കാരു തങ്ങളുടെ ശ്രദ്ധയിൽ പെട്ടത് എന്ന് സംഘത്തിൻറെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

ഫൈവ് ഫ്രീഡംസ് ആനിമൽ റെസ്ക്യൂവിന്റെ  മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കങ്കാരുവിനെ ആരോഗ്യം വീണ്ടെടുത്ത ശേഷം കാട്ടിലേക്ക് തിരികെ അയച്ചു.

English Summary: Kangaroo rescued from mine shaft in Australia