മികച്ച വേട്ടക്കാരാണ് കഴുതപ്പുലികൾ.ഇവ  കൂട്ടം ചേർന്ന് ആക്രമിച്ചു തുടങ്ങിയാൽ മറ്റു മൃഗങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാറില്ല. എന്നാൽ വേട്ടയാടാനൊന്നും ശ്രമിക്കാതെ മറ്റു മൃഗങ്ങൾ വേട്ടയാടുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളൊക്കെ കഴിച്ചാണ് ഇവ മിക്കവാറും വിശപ്പടക്കുക.

മറ്റു മൃഗങ്ങൾ വേട്ടയാടിയ ഇരകളെ തട്ടിയെടുക്കുന്ന സ്വഭാവവും കഴുതപ്പുലികൾക്കുണ്ട്. അത്തരമൊരു ദൃശ്യമാണ് ആഫ്രിക്കയിലെ സാബി സാൻഡ്സിൽ നിന്ന് ഗൈഡായ ജാസൺ ജൂബർട്ട് പകർത്തിയത്. ഏറെ കഷ്ടപ്പെട്ട പിടികൂടിയ ഇമ്പാലയെ പെരുമ്പാമ്പ് ഭക്ഷിക്കാനൊരുങ്ങവേയാണ് അവിടേക്ക് കഴുതപ്പുലി മണംപിടിച്ചെത്തിയത്. ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിന്റെ പിചിയിൽ അമർന്നിരിക്കുന്ന ഇമ്പാലയെ ലക്ഷ്യമാക്കി കഴുതപ്പുലി മുന്നോട്ടുവന്നു. 

എന്താണ് സംഭവിക്കുന്നതെന്ന് പെരുമ്പാമ്പിന് മനസ്സിലാകുന്നതിന് മുൻപ് തന്നെ മുന്നോട്ട് തള്ളിനിന്ന ഇമ്പാലയുടെ കാലുകളിൽ കടിച്ചുവലിച്ച് കഴുതപ്പുലി സ്ഥലം കാലിയാക്കി. ഒട്ടും കഷ്ടപ്പെടാതെ തന്നെ അന്നേ ദിവസത്തേക്കുള്ള ഭക്ഷണവും കണ്ടെത്തി. ഇരയെ നഷ്ടപ്പെട്ട പെരുമ്പാമ്പ് അപ്പോഴും അതേ സ്ഥലത്ത് അനങ്ങാതെ കിടക്കുന്നുണ്ടായിരുന്നു.

English Summary: Hyena Steals Impala from Python